എന്ത് വിധിയിത്! പന്ത് വീണ്ടും ഫ്ലോപ്പ്, നിരാശയോടെ വി.ഐ.പി ബോക്സിൽനിന്ന് മടങ്ങി ഗോയങ്ക -വിഡിയോ വൈറൽ
text_fieldsലഖ്‌നോ: ഐ.പി.എല്ലിലെ നിർണായക മത്സരം കൈവിട്ടതോടെ ലഖ്നോ സൂപ്പർ ജയന്‍റ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. സൺറൈസേഴ്സ് ഹൈദരാബാദിനോട് ആറു വിക്കറ്റിനാണ് ടീം തോറ്റത്.
ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ലഖ്നോ നായകൻ ഋഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി. ആറ് പന്തുകള്‍ നേരിട്ട താരത്തിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്. പന്തെറിഞ്ഞ ഇഷാൻ മലിംഗ തന്നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരത്തെ കൂടാരം കയറ്റി. ലേലത്തിൽ ഐ.പി.എൽ ചരിത്രത്തിലെ റെക്കോഡ് തുക സ്വന്തമാക്കിയിട്ടും ടൂര്‍ണമെന്റിലുടനീളം താരം മോശം പ്രകടനമാണ് നടത്തിയത്. ഇതിന്‍റെ നിരാശ ആരാധകരിലും പ്രകടമായിരുന്നു.
ഓപ്പണർമാരായ മിച്ചൽ മാർഷും എയ്ഡൻ മാർക്രമും മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിരക്ക് ആ വേഗത സ്കോറിങ്ങിൽ നിലനിർത്താനായില്ല. ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 10.3 ഓവറിൽ 115 റൺസാണ് അടിച്ചെടുത്തത്. പിന്നാലെ വണ്‍ഡൗണായാണ് പന്ത് ബാറ്റിങ്ങിനിറങ്ങിയത്. പന്ത് പുറത്തായതിന് പിന്നാലെ ഗാലറിയിലെ വി.ഐ.പി ബോക്സിലുണ്ടായിരുന്ന ലഖ്‌നോ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
പന്ത് പുറത്തായതുകണ്ട് സീറ്റിൽനിന്ന് എഴുന്നേറ്റ് ഡ്രസ്സിങ് റൂം ഭാഗത്തേക്ക് ഗോയങ്ക തിരിഞ്ഞുനടക്കുന്നതാണ് വിഡിയോയിലുള്ളത്. താരത്തിന്‍റെ മോശം പ്രകടനത്തിലുള്ള നിരാശയാണ് ഗോയങ്കയുടെ പ്രതികരണമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. സീസണിൽ 12 മത്സരം കളിച്ച പന്തിന്‍റെ സമ്പാദ്യം 135 റൺസാണ്. 63 റൺസാണ് ഉയർന്ന സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഹൈദരബാദിനെ ജയിപ്പിച്ചത്. 20 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 59 റൺസെടുത്തു. ഹെൻറിച്ച് ക്ലാസനും തിളങ്ങി. 28 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്താണ് താരം പുറത്തായത്. ഇഷാൻ കിഷൻ (28 പന്തിൽ 35), കാമിന്ദു മെൻഡിസ് (21 പന്തിൽ 32, റിട്ടയേർഡ് ഔട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

