കേരളത്തിന്‍റെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച സൽമാന്‍റെ 'തല'; നാടകീയതക്കൊടുവിലെ ചരിത്ര ക്ലൈമാക്സ്!
text_fieldsരഞ്ജി ട്രോഫി സെമിഫൈനലിൽ കേരള-ഗുജറാത്ത് പോരാട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം നാടകീയത നിറഞ്ഞ പോരാട്ടം സമനിലയിൽ കലാശിക്കുമെന്ന് ഏകദേശം ഉറപ്പാണ്. കേരളം ഫൈനലിലേക്കുള്ള പ്രവേശനവും 90 ശതമാനം എങ്കിലും ഉറപ്പിച്ചിട്ടുണ്ട്. മത്സരം സമനിലയിലേക്ക് പോകുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിൽ ഒന്നാം ഇന്നിങ്സിൽ ലീഡുള്ള ടീമായിരിക്കും ഫൈനലിൽ പ്രവേശിക്കുക എന്നാണ് നിയമം. രണ്ട് റൺസിന്‍റെ നേരിയ ലീഡാണ് കേരളം ഒന്നാം ഇന്നിങ്സിൽ നേടിയത്.
അവസാന ദിനം കേരളത്തിന് മൂന്ന് വിക്കറ്റും ഗുജറാത്തിന് 28 റൺസുമായിരുന്നു ലീഡ് നേടാൻ ആവശ്യം. രണ്ട് സെറ്റ് ബാറ്റർമാരെ കേരളം പുറത്താക്കി മത്സരം ഒന്നൂടി പിടിമുറുക്കി. എന്നാൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് അവസാന വിക്കറ്റിൽ അർസാൻ നാഗ്വസ്വല്ല പ്രിയത്സിങ് ജഡേജയും ഏകദേശം 11 ഓവറോളം ചെറുത്ത് നിന്നു. ഒമ്പത് റൺസാണ് ഇരുവരും പത്താം വിക്കറ്റിൽ ചേർത്തത്. ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവരുടെ പന്തുകളൽ പലപ്പോളും ഗുജറാത്ത് ബാറ്റർമാർ രക്ഷപ്പെട്ടുപോയിരുന്നു. എന്നാൽ അവരുടെ ഭാഗ്യമെന്നോ കേരളത്തിന്‍റെ നിർഭാഗ്യമെന്നോ കണക്കുക്കൂട്ടാവുന്ന തരത്തിൽ ഗുജറാത്തിന്‍റെ വാലറ്റനിര മികച്ച ഫോമിലുള്ള കേരള സ്പിന്നർമാരുടെ മുന്നിൽ പിടിച്ചുനിന്നു.
നാടകീയത അതിന്‍റെ പാളികൾ ഓരൊന്നായി അയിച്ചുതുടങ്ങിയിരുന്നു. ഗുജറാത്തിന്‍റെ ഡ്രസിങ് റൂമിൽ പ്രതീക്ഷകളുടെ ചിരികളുയർന്നിരിക്കണം. കാരണം ഇനി ലീഡ് സ്വന്തമാക്കാൻ വെറും മൂന്ന് റൺസ് മതി. കേരളത്തിനൊപ്പം എത്താൻ രണ്ട് റൺസും! ജലജ് സക്സേന എറിഞ്ഞ ഓവറിൽ ബൈ റൺസിലൂടെ രണ്ട് റൺസ് ഓടിയെടുത്തതുമെല്ലാം കണക്കിലെടുത്ത് ക്രിക്കറ്റ് 'ദൈവങ്ങൾ' ഗുജറാത്തിനൊപ്പമാണെന്ന് വിധിയെഴുതിയിരുന്നു.
തന്‍റെ അവസാന ശ്രമമെന്നോണം ഇന്നത്തെ ദിവസം രണ്ട് വിക്കറ്റുകൾ നേടിയ സർവാതെ വീണ്ടും പന്തെടുത്തു. ഒരു വിക്കറ്റും രണ്ടും റൺസുമാണ് അപ്പോൾ കണക്കുകൾ. കേരളം സില്ലി പോയിന്‍റിൽ സൽമാൻ നിസാറിനെ ഫീൽഡിന് നിർത്തുന്നുണ്ട്. കാമറ കണ്ണുകൾ ഇടക്കിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന സച്ചിൻ ബേബിയെ കാണിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഓവറിലെ നാലാം പന്തിൽ ഗുജറാത്തിനായി ഒമ്പതാമാനായി ഇറങ്ങി 47 പന്തുകൾ പ്രതിരോധിച്ച അർസാൻ നാഗ്വസ്വല്ല നേരിട്ട 48ാം പന്ത് മിഡ്വിക്കറ്റിലേക്ക് പായിക്കാൻ നോക്കി. എന്നാൽ സില്ലിപോയിന്‍റിൽ ഫീൽഡ് ചെയ്തുകൊണ്ടിരുന്ന സൽമാൻ നിസാറിന്‍റെ ഹെൽമെറ്റിൽ ചെന്നിടിച്ച പന്ത് കറങ്ങി തിരിഞ്ഞ് എത്തിയത് ഒന്നാം സ്ലിപ്പിൽ ഫീൽഡ് ചെയ്തുകൊണ്ടിരുന്ന കപ്പിത്താൻ സച്ചിൻ ബേബിയുടെട കയ്യിൽ. നാടകീയതകളുടെ പരമ്പരക്കൊടുവിൽ ഒരു വമ്പൻ ക്ലൈമാക്സ്.
ഒരുപക്ഷെ ഇതിന് മുമ്പും ഇങ്ങനെ പുറത്തായ മറ്റ് ബാറ്റർമാരുണ്ടായിരുന്നിരിക്കാം. എന്നാൽ മത്സരത്തിന്‍റെ സന്ദർഭവും ആവേശവുമെല്ലാം കൂട്ടിയോജിപിച്ച് നോക്കുമ്പോൾ ഇത്തരത്തിലുള്ള സിനിമാറ്റിക്ക് ക്ലൈമാക്സ് ഒരുപക്ഷെ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമാകാം. 74 വർഷത്തെ കേരളത്തിന്‍റെ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായി ഫൈനൽ പ്രവേശിക്കാനുള്ള സാധ്യതകൾക്കാണ് ഇതോടെ ജീവൻ വെച്ചത്. ഇന്നത്തെ ദിവസം കേരളം ഫൈനൽ പ്രവേശിച്ചാൽ ഭാവിയിൽ ചരിത്രം പരിശോധിക്കുമ്പോൾ കേരളത്തിന്‍റെ ചരിത്ര നേട്ടത്തിൽ സൽമാൻ നിസാറിനെ ഹെൽമെറ്റിന്‍റെ പങ്ക് മുഴച്ച് തന്നെ നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

