33 പന്തിൽ 64 റൺസ്; 52-ാം വയസ്സിലും വീര്യം കുറയാതെ മാസ്റ്റർ ബ്ലാസ്റ്റർ -വിഡിയോ
text_fieldsഅർധ സെഞ്ച്വറി നേടിയ സചിൻ കാണികളെ അഭിവാദ്യം ചെയ്യുന്നു
വഡോദര: തന്‍റെ ക്രിക്കറ്റ് മികവിനെ പ്രായത്തിനും തോൽപ്പിക്കാനാകില്ലെന്ന് തെളിയിക്കുകയാണ് ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. ഇന്‍റർനാഷനൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ മാസ്റ്റേഴ്സിനായി പാഡണിഞ്ഞ താരം കഴിഞ്ഞ ദിവസം ആസ്ട്രേലിയക്കെതിരെ പുറത്തെടുത്ത പ്രകടനം പ്രതാപകാലത്തെ മാസ്റ്റർ ബ്ലാസ്റ്ററെ അനുസ്മരിപ്പിക്കുന്നതായി. 33 പന്തിൽ ഏഴ് ഫോറും നാല് സിക്സും ഉൾപ്പെടെ 64 റൺസാണ് താരം അടിച്ചെടുത്തത്.
ഇതിഹാസ താരത്തിന്‍റെ മാസ്റ്റർ ഷോട്ടുകളായ സ്ട്രെയിറ്റ് ഡ്രൈവും ലേറ്റ് കട്ടുമുൾപ്പെടെ ഇന്നിങ്സിൽ നിറഞ്ഞുനിന്നു. ആസ്ട്രേലിയൻ ബോളിങ് ആക്രമണത്തെ നിർഭയം നേരിട്ട താരം 27 പന്തിൽനിന്നാണ് അർധ ശതകം പൂർത്തിയാക്കിയത്. മത്സരത്തിൽ ഇന്ത്യ മാസ്റ്റേഴ്സ് തോറ്റെങ്കിലും വഡോദരയിലെ ബി.സി.എ സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് മുന്നിൽ മനോഹര ഇന്നിങ്സ് കാഴ്ചവെച്ചാണ് സചിൻ മടങ്ങിയത്. സചിന്‍റെ ബാറ്റിൽനിന്ന് പിറന്ന സിക്സുകറുകൾ ആവേശത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം മത്സരത്തിൽ 97 റൺസിനാണ് ആസ്ട്രേലിയ മാസ്റ്റേഴ്സ് ജയിച്ചത്. ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ (52 പന്തിൽ 110*), വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഡങ്ക് (53 പന്തിൽ 132*) എന്നിവരുടെ അപരാജിത സെഞ്ച്വറിയുടെ കരുത്തിൽ 269 റൺസാണ് ഓസീസ് അടിച്ചെടുത്തത്. 236 റൺസിന്‍റെ അഭേദ്യമായ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നൊരുക്കിയത്. 22 റൺസെടുത്ത ഷോൺ മാർഷിന്‍റെ വിക്കറ്റ് മാത്രമാണ് അവർക്ക് നഷ്ടമായത്. പവൻ നേഗിക്കാണ് വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ സചിനൊഴികെ മറ്റെല്ലാവരും പരാജയപ്പെട്ടതോടെ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 174ന് പുറത്താകുകയായിരുന്നു. യൂസഫ് പഠാൻ (15 പന്തിൽ 25), നമാൻ ഓജ (11 പന്തിൽ 19), രാഹുൽ ശർമ (16 പന്തിൽ 18), പവൻ നേഗി (10 പന്തിൽ 14), ഇർഫാൻ പഠാൻ (13 പന്തിൽ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ആസ്ട്രേലിയക്കായി സേവ്യർ ദൊഹേർത്തി അഞ്ച് വിക്കറ്റ് നേടി. ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. ശനിയാഴ്ച വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

