സിറാജിനെ പ്രശംസകൊണ്ട് മൂടി സചിൻ; ഇതുപോലൊരു ബൗളറെ ഒരു ബാറ്ററും നേരിടാൻ ആഗ്രഹിക്കില്ലെന്ന് പ്രതികരണം
text_fieldsമുംബൈ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ പ്രകീർത്തിച്ച് ഇതിഹാസതാരം സചിൻ ടെണ്ടുൽക്കർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് സചിന്റെ പ്രതികരണം. അവിശ്വസനീയമായ പ്രകടനമാണ് സിറാജിൽ നിന്നും ഉണ്ടായതെന്ന് സചിൻ ടെണ്ടുൽക്കർ പറഞ്ഞു.
ഒരു ബാറ്ററും സിറാജിനെ പോലൊരു ബൗളറെ ദീർഘനേരം നേരിടാൻ ആഗ്രഹിക്കില്ല. ടെസ്റ്റിൽ അവസാന ദിവസം വരെയുള്ള സിറാജിന്റെ ബൗളിങ്ങിനെ കമന്റേറ്റർമാർ ഉൾപ്പടെ പ്രകീർത്തിച്ചതാണ്. ആയിരത്തോളം പന്തുകൾ എറിഞ്ഞിട്ടും അവസാന ദിവസവും മണിക്കൂറിൽ 145 കിലോ മീറ്റർ വേഗതയിൽ പന്തെറിയാൻ സിറാജിന് കഴിഞ്ഞിട്ടുണ്ട്. അത് സിറാജിന്റെ ധൈര്യത്തെയാണ് കാണിക്കുന്നതെന്നും സചിൻ പറഞ്ഞു.
ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് സീരിസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ റാങ്കിങ്ങിൽ വൻ മുന്നേറ്റമുണ്ടായിരുന്നു. 12 റാങ്കുകൾ മുന്നേറി 15ാം സ്ഥാനത്താണ് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ സിറാജിപ്പോൾ. കരിയറിൽ ഇതാദ്യമായാണ് സിറാജ് ഇത്രയും വലിയ മുന്നേറ്റം റാങ്കിങ്ങിൽ നടത്തുന്നത്.
ഇതിന് മുമ്പ് 2024 ജനുവരിയിൽ 16ാം സ്ഥാനത്തെത്തിയതായിരുന്നു സിറാജിന്റെ മികച്ച റാങ്കിങ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് റാങ്കിങ്ങിൽ സിറാജിന് മുന്നേറ്റമുണ്ടായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവുമടങ്ങിയ മത്സരമാണ് ഓവലിൽ ഇന്ത്യ ആറ് റൺസിന് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

