‘ഇവരില്ലെങ്കിൽ വീട് വീടാകില്ല’; വളർത്തു നായകൾക്കൊപ്പം കളിക്കുന്ന വിഡിയോ പങ്കിട്ട് സചിൻ; ഏറ്റെടുത്ത് ആരാധകർ
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ നല്ലൊരു മൃഗ സ്നേഹി കൂടിയാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം താരം തന്നെ പലപ്പോഴും പരസ്യമാക്കിയിട്ടുണ്ട്. വീട്ടിൽ വളർത്തു നായകൾക്കൊപ്പം കളിക്കുന്ന താരത്തിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
താരം തന്നെയാണ് ഇതിന്‍റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സ്പൈക്കി, മാക്സി എന്നീ ഓമന പേരുകളുള്ള രണ്ടു നായകൾക്കൊപ്പം വീട്ടുമുറ്റത്തെ പുൽത്തകിടിയിൽ പന്തുമായി സചിൻ കളിക്കുന്നതാണ് വിഡിയോയിലുള്ളത്. പുൽത്തകിടിക്കു ചുറ്റിലും ഓടികളിക്കുന്ന വളർത്തു നായകളെ താരം സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാനാകും. പോസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ വിഡിയോ വൈറലായി.
‘ഇവർ രണ്ടുപേരുമില്ലാതെ വീട് വീടാകില്ല’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, സൂര്യകുമാർ, മകൾ സാറ തെണ്ടുൽക്കർ ഉൾപ്പെടെ നിരവധി പേർ വിഡിയോക്കു താഴെ പ്രതികരിച്ചിട്ടുണ്ട്. ‘രണ്ടുപേരും ഫീൽഡറാകാൻ പഠിക്കുന്നു, അവരുടെ പരിശീലകൻ മറ്റാരുമല്ല, മഹാനായ സചിൻ തെണ്ടുൽക്കറാണ്’ എന്ന് ഒരു ആരാധകൻ പ്രതികരിച്ചു.
നേരത്തെയും വളർത്തു നായകൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്‍റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2013ലാണ് താരം ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറികളിൽ സെഞ്ച്വറി നേടിയ ഏക താരമാണ് സചിൻ.

