'നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നു'; ഷെയ്ൻ വോണിനെ അനുസ്മരിച്ച് സച്ചിൻ
text_fieldsന്യൂഡൽഹി: ക്രിക്കറ്റിനെ ജനപ്രിയമാക്കുന്നതിൽ സച്ചിൻ തെണ്ടുൽക്കറിനും ഷെയ്ൻ വോണിനും വലിയ പങ്കുണ്ട്. സച്ചിൻ ബാറ്റും കൊണ്ട് ഇതിഹാസം തീർത്തപ്പോൾ, വോൺ മാന്ത്രിക വിരലുകൾ കൊണ്ടാണ് ക്രിക്കറ്റ് പ്രേമികളെ ഗ്രൗണ്ടിലെത്തിച്ചത്. ഇരുവരും ക്രിക്കറ്റ് ഫീൽഡിൽ ഒത്ത എതിരാളിയും കളത്തിനു പുറത്ത് വലിയ സൗഹൃദം സൂക്ഷിച്ചവരുമാണ്.
ഷെയ്ൻ വോണിനൊപ്പമുള്ള ഓരോ നിമിഷവും വിലമതിക്കുന്നതാണെന്ന് സച്ചിൻ അനുസ്മരിച്ചു. വോണി, താങ്കളെ വല്ലാതെ മിസ്സ് ചെയ്യും. മൈതാനത്തും പുറത്തും ഒരിക്കലും നിങ്ങളോടൊപ്പം വിരസമായ ഒരു നിമിഷം ഉണ്ടായിരുന്നില്ല. ഗ്രൗണ്ടിലെ പോരാട്ടങ്ങളും കളത്തിനു പുറത്തെ സൗഹൃദ സംഭാഷണങ്ങളും എന്നും വിലമതിക്കും. നിങ്ങളുടെ മനസ്സിൽ ഇന്ത്യക്കാർക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ മനസ്സിലും നിങ്ങൾക്കായി ഒരു പ്രത്യേക സ്ഥാനമുണ്ടാകും -സച്ചിൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തായ്‍ലൻഡിലെ കോ സാമുയിൽ വെച്ചാണ് സ്പിൻ ഇതിഹാസമായ ഷെയ്ൻ വോൺ അന്തരിച്ചത്. ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു വോൺ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

