‘ആ നിമിഷത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് ഞങ്ങളും’; അർജുന്‍റെ വിവാഹനിശ്ചയം സ്ഥിരീകരിച്ച് സചിൻ ടെണ്ടുൽക്കർ
text_fieldsമുംബൈ: ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹം നിശ്ചയിച്ചെന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്വകാര്യ ചടങ്ങിൽ വ്യവസായി കുടുംബത്തിൽനിന്നുള്ള സാനിയ ചന്ദോക്കുമായി വിവാഹം നിശ്ചയിച്ചെന്ന റിപ്പോർട്ടുകൾ പക്ഷേ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ ഇക്കാര്യം സ്ഥിരീകരിച്ച് സചിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അർജുന്‍റെ വിവാഹം നിശ്ചയിച്ചെന്നും, അദ്ദേഹത്തിന്‍റെ ജീവിതം പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിമിഷത്തെ കുറിച്ചുള്ള ആകാംക്ഷയിലാണ് കുടുംബമെന്നും റെഡ്ഡിറ്റിൽ ആരാധകന്‍റെ ചോദ്യത്തിന് മറുപടിയായി സചിൻ പറഞ്ഞു.
പ്രമുഖ ഹോട്ടൽ വ്യവസായി രവി ഘായിയുടെ കൊച്ചുമകളാണ് അർജുനുമായി വിവാഹനിശ്ചയം കഴിഞ്ഞ സാനിയ ചന്ദോക്. മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽനിന്നുള്ള സാനിയ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ ഗായ് കുടുംബം ശക്തമായ സാന്നിധ്യം വഹിക്കുന്നു, ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും അവരുടെ ഉടമസ്ഥതയിലാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ (കോർപറേറ്റ് കാര്യ മന്ത്രാലയം) പ്രകാരം, മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എൽ.എൽ.പിയിൽ നിയുക്ത പങ്കാളിയും ഡയറക്ടറുമാണ് സാനിയ ചന്ദോക്. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ പരിപാടിയിലാണ് വിവാഹ നിശ്ചയം നടന്നത്.
25കാരനായ അർജുൻ ടെണ്ടുൽക്കർ പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തിയതാണ്. ഇടംകൈയൻ പേസറായ താരം ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. 2020-21 സീസണിൽ മുംബൈ ടീമിനൊപ്പമാണ് അരങ്ങേറ്റം കുറിച്ചത്. ഹരിയാനക്കെതിരെ ടി20 മത്സരത്തിൽ പന്തെറിഞ്ഞുകൊണ്ടായിരുന്നു തുടക്കം. അതിനു മുമ്പ് ജൂനിയർ തലത്തിലും മുംബൈക്കായി കളിച്ച താരം ഇന്ത്യയുടെ അണ്ടർ 19 ടീമിലും ഇടം കണ്ടെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റുകളിൽ അരങ്ങേറിയത് ഗോവക്കൊപ്പമാണ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.
റെഡ് ബാൾ ക്രിക്കറ്റിൽ ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉൾപ്പെടെ 532 റൺസാണ് അർജുന്റെ സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ 37 വിക്കറ്റുകളും താരം പിഴുതിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഗോവക്കായി 17 മത്സരങ്ങളിൽ കളിച്ചു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിൽ കളിച്ച താരത്തിന് മുന്ന് വിക്കറ്റുകളാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

