Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇത്തിരി നേരത്തെയായിപ്പോയി'; സൂര്യവംശിയുടെ ഉപനായക പദവിയിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

text_fields
bookmark_border
ഇത്തിരി നേരത്തെയായിപ്പോയി; സൂര്യവംശിയുടെ ഉപനായക പദവിയിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ
cancel

മുംബൈ: പതിനഞ്ചാം വയസ്സിൽ ക്രിക്കറ്റ് ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന യുവതാരം വൈഭവ് സൂര്യവംശിക്ക് ലഭിച്ച പുതിയ നേതൃത്വ ചുമതലയിൽ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചത് നേരത്തെയായിപ്പോയെന്നാണ് സച്ചിന്റെ അഭിപ്രായം. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച് അനുഭവസമ്പത്ത് നേടിയശേഷം ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം നിർദേശിച്ചു.

ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായും അണ്ടർ 19 ലോകകപ്പ് ഫൈനലിൽ നിർണായക സെഞ്ച്വറിയുമായി ഇന്ത്യക്ക് കിരീടം സമ്മാനിച്ച താരമായും വൈഭവ് ഇതിനകം ശ്രദ്ധേയനാണ്. ചെറുപ്രായത്തിൽ തന്നെ കൈവരിച്ച നേട്ടങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള ഈ താരം. ഇതിനിടെയാണ് ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റൻ പദവിയും തേടിയെത്തിയത്.

എന്നാൽ, 15കാരന് ഇത്രയും വലിയ ഉത്തരവാദിത്തം നൽകിയത് ഉചിതമായില്ലെന്നാണ് സച്ചിൻ അഭിപ്രായപ്പെട്ടത്. റെഡ്ഡിറ്റിൽ നടന്ന ചോദ്യോത്തര പരിപാടിയിലായിരുന്നു മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം. ദുലീപ് ട്രോഫിയിൽ വൈഭവിന് വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയതിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന്, 'ഇത്ര നേരത്തേ വൈസ് ക്യാപ്റ്റനാകുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കട്ടെ. ഓരോ ഘട്ടവും പതുക്കെ പിന്നിട്ടാൽ മതി' എന്നായിരുന്നു സച്ചിന്റെ മറുപടി.

ഈസ്റ്റ് സോൺ ടീമിൽ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ബിഹാറിനായി എട്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രമാണ് വൈഭവ് കളിച്ചിരുന്നത്. നൂറിലധികം ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള അഭിമന്യു ഈശ്വരനെ മറികടന്നാണ് താരത്തിന് ചുമതല ലഭിച്ചത്. എന്നാൽ, താരത്തിന്റെ വളർച്ച ലക്ഷ്യമിട്ടാണ് തീരുമാനമെടുത്തതെന്നും ടീമിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനനിർണയമായി ഇതിനെ കാണേണ്ടതില്ലെന്നും ഈസ്റ്റ് സോൺ സെലക്ഷൻ കമ്മിറ്റി പിന്നീട് വിശദീകരിച്ചിരുന്നു.

ടൂർണമെന്റിനിടെ ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റ് കളംവിടേണ്ടിവന്നപ്പോൾ വൈഭവിന് ടീമിനെ നയിക്കാനും അവസരം ലഭിച്ചു. ഡി.ആർ.എസ് ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിൽ പങ്കാളിയായ താരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ഇന്ത്യൻ ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം തുടരുകയാണ് വൈഭവ്. എന്നാൽ, ഓപ്പണിങ് സ്ഥാനത്ത് സ്ഥിരസാന്നിധ്യമാകാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയ പ്രമുഖരിൽനിന്നുള്ള കടുത്ത മത്സരവും യുവതാരത്തിന് മുന്നിലുണ്ട്.

ഗാംഗുലിയും ധോണിയും പ്രിയപ്പെട്ട നായകന്മാർ

ചോദ്യോത്തര പരിപാടിയിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന കാലത്തെ അനുഭവങ്ങളും സച്ചിൻ പങ്കുവെച്ചു. രാജ്യത്തെ നയിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായിരുന്നെങ്കിലും ടീമിനെ തിരഞ്ഞെടുക്കുന്നതിൽ എല്ലായ്പ്പോഴും പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

1990കളെ അപേക്ഷിച്ച് ബി.സി.സി.ഐ ഇന്ന് കൂടുതൽ പ്രൊഫഷനലായ സംഘടനയായി മാറിയിട്ടുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് അക്കാലത്ത് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട ഇന്ത്യൻ നായകന്മാരെക്കുറിച്ചുള്ള ചോദ്യത്തിന് സൗരവ് ഗാംഗുലിയുടെയും എം.എസ്. ധോണിയുടെയും പേരുകളാണ് അദ്ദേഹം എടുത്തുപറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sachin on Vaibhav’s Vice-Captaincy
Next Story