വാംഖഡെയിൽ റിക്കിൾട്ടൺ ഷോ; ഹൈദരാബാദിനെതിരെ മുംബൈക്ക് കൂറ്റൻ സ്കോർ
text_fieldsമുംബൈ : വാംഖഡെ സ്റ്റേഡിയത്തിൽ സിക്സറുകളുടെ പെരുമഴ തീർത്ത റയാൻ റിക്കിൾട്ടന്റെ സെഞ്ചുറിയിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ വിജയലക്ഷ്യം നൽകി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസെന്ന പടുകൂറ്റൻ സ്കോറാണ് അടിച്ചുകൂട്ടിയത്. 55 പന്തിൽ എട്ട് സിക്സറുകളുടെയും 10 ഫോറുകളുടെയും അകമ്പടിയോടെ 123 റൺസുമായി റിക്കിൾട്ടൺ പുറത്താകാതെ നിന്നു.
വെറും 44 പന്തിൽ നിന്നാണ് റിക്കിൾട്ടൺ തന്റെ കന്നി ഐ.പി.എൽ സെഞ്ചുറി പൂർത്തിയാക്കിയത്. സനത് ജയസൂര്യയുടെ (45 പന്ത്) റെക്കോർഡ് മറികടന്ന് മുംബൈ ഇന്ത്യൻസിനായി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടം ഇതോടെ ദക്ഷിണാഫ്രിക്കൻ താരത്തിന് സ്വന്തമായി. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണറായി എത്തിയ വിൽ ജാക്സും (22 പന്തിൽ 46) റിക്കിൾട്ടണും ചേർന്ന് ഒന്നാം വിക്കറ്റിൽ 93 റൺസ് കൂട്ടിചേർത്ത് തകർപ്പൻ തുടക്കമാണ് നൽകിയത്. സൂര്യകുമാർ യാദവ് (5) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ നമൻ ധിർ (22), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (31) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ സിക്സറുകളുമായി റിക്കിൾട്ടൺ വീണ്ടും ആഞ്ഞടിച്ചതോടെയാണ് മുംബൈ സ്കോർ 240 കടന്നത്. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാൻ മലിംഗ, നിതീഷ് കുമാർ റെഡ്ഡി, സാക്കിബ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

