റോയൽ എൻട്രി;പഞ്ചാബിനെ തോൽപിച്ച് ആർ.സി.ബി പ്ലേ ഓഫിൽ
text_fieldsധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗ് 2026ൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. പഞ്ചാബ് കിങ്സിനെ 23 റൺസിന് തോൽപിച്ചാണ് നിലവിലെ ചാമ്പ്യന്മാർ ലീഗ് റൗണ്ടിൽ ഒരു മത്സരം ബാക്കിനിൽക്കെ 18 പോയന്റുമായി ടിക്കറ്റെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ നാല് വിക്കറ്റിന് 222 റൺസ് നേടി. പഞ്ചാബിന്റെ മറുപടി നിശ്ചിത ഓവറിൽ എട്ടിന് 199ൽ അവസാനിച്ചു. 40 പന്തിൽ 73 റൺസുമായി പുറത്താവാതെനിന്ന വെങ്കടേശ് അയ്യരാണ് വിജയികളുടെ ടോപ് സ്കോറർ. സൂപ്പർ താരം വിരാട് കോഹ്ലിയും (37 പന്തിൽ 58) അർധ ശതകം നേടി. റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തിയും ആർ.സി.ബിക്കായി മിന്നി. വെങ്കടേശാണ് കളിയിലെ കേമൻ.
മൂന്നാം ഓവറിൽ ഓപണർ ജേക്കബ് ബെത്തലിനെ (11) ഹർപ്രീത് ബ്രാർ ബൗൾഡാക്കിയെങ്കിലും ബംഗളൂരു പതറിയില്ല. കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് സ്കോറുയർത്തി. 25 പന്തിൽ 45 റൺസടിച്ച ദേവ്ദത്തിനെ പത്താം ഓവറിൽ ബ്രാർ തന്നെ മടക്കി. 97ലാണ് രണ്ടാം വിക്കറ്റ് വീണത്. കോഹ്ലിയെ പ്രിയാൻഷ് ആര്യയുടെ കൈകളിലെത്തിച്ചു യുസ്വേന്ദ്ര ചഹൽ. 15 ഓവറിൽ മൂന്നിന് 157. ഡെത്ത് ഓവറുകളിൽ വെങ്കടേശും ടിം ഡേവിഡുമൊരുക്കിയ ബാറ്റിങ് വിരുന്ന് സ്കോർ 220ന് മുകളിലെത്തിച്ചു. എട്ട് ഫോറും നാല് സിക്സുമടങ്ങിയതായിരുന്നു വെങ്കടേശിന്റെ പ്രകടനം. 12 പന്തിൽ 28 റൺസ് നേടിയ ഡേവിഡ് ഒടുവിൽ അർഷ്ദീപ് സിങ്ങിന് വിക്കറ്റ് സമ്മാനിച്ചു.
ഫോമിലുള്ള പ്രഭ്സിമ്രാൻ സിങ്-പ്രിയാൻഷ് ഓപണിങ് കൂട്ടുകെട്ട് തുടക്കത്തിലേ തകർക്കുന്നതിൽ ആർ.സി.ബി വിജയിച്ചു. തന്റെ ആദ്യ രണ്ട് ഓവറുകളിൽ പ്രിയാൻഷിനെയും (0) പ്രഭ്സിമ്രാനെയും (2) പറഞ്ഞുവിട്ടു ഭുവനേശ്വർ കുമാർ. മധ്യനിരയിൽ ശശാങ്ക് സിങ് (27 പന്തിൽ 56), കൂപ്പർ കൊണോളി (22 പന്തിൽ 37), മാർകസ് സ്റ്റോയ്നിസ് (25 പന്തിൽ 37), സുഷാൻ ഷെഡ്ജെ (22 പന്തിൽ 35) എന്നിവർ പൊരുതിയെങ്കിലും 200ന് അരികിൽ തീർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

