18 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഐ.പി.എല്ലിൽ ആർ.സി.ബിക്കും കിങ് കോഹ്‌ലിക്കും കന്നിക്കിരീടം!
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് കന്നിക്കിരീടം. ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ 6 റൺസിന്‍റെ ജയമാണ് ആർ.സി.ബി സ്വന്തമാക്കിയത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചു. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഒമ്പതിന് 190, പഞ്ചാബ് കിങ്സ് - 20 ഓവറിൽ ഏഴിന് 184.
ക്രിക്കറ്റ് ലോകത്തെ കിങ് വിരാട് കോഹ്‌ലിക്ക് ഇതോടെ തന്‍റെ കിരീടത്തിൽ ഐ.പി.എല്ലിന്‍റെ പൊൻതൂവൽ കൂടിയായി. 18 സീസണുകൾക്കിടെ നാലാം തവണയാണ് ആർ.സി.ബി ഫൈനലിൽ കളിക്കുന്നത്. ഈ സീസണിലും ആർ.സി.ബിയുടെ ടോപ് സ്കോററായ കോഹ്‌ലി, 15 മത്സരങ്ങളിൽ 657 റൺസാണ് അടിച്ചെടുത്തത്. ബാറ്റിങ്ങിലെ കുഞ്ഞു പിഴവുകൾ ബോളിങ് കരുത്തിൽ മറികടന്നാണ് റോയൽ ചാലഞ്ചേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ പഞ്ചാബിന് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസ് നേടിയ പ്രിയാൻഷ് ആര്യക്ക് തകർപ്പൻ ക്യാച്ചിലൂടെ ഫിൽ സാൾട്ടാണ് പുറത്തേക്ക് വഴി കാണിച്ചത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്. ഒമ്പതാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും (26) തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (1) വീണത് പഞ്ചാബിന് തിരിച്ചടിയായി. സ്കോർ 98ൽ നിൽക്കേ ജോഷ് ഇംഗ്ലിഷ് (39) പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി.
നേഹൽ വധേരക്ക് 18 പന്തിൽ 15 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. മാർകസ് സ്റ്റോയിനിസ് (6), അസ്മത്തുല്ല ഉമർസായ് (1) എന്നിവർ പാടെ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ശശാങ്ക് സിങ് വമ്പൻ ഷോട്ടുകൾ പുറത്തെടുത്തെങ്കിലും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. 30 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 61 റൺസാണ് താരം അടിച്ചെടുത്തത്. ആർ.സി.ബിക്കായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
ആർ.സി.ബി 190
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 190 റൺസെടുത്തു. 35 പന്തിൽ 43 റൺസ് നേടിയ ഓപണർ വിരാട് കോഹ്‌ലിയാണ് ടോപ് സ്കോറർ. പഞ്ചാബി ബൗളർമാരിൽ പേസർമാരായ കൈൽ ജാമീസനും അർഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് ഭാഗ്യം പഞ്ചാബ് നായകൻ ശ്രേയസ് അയ്യർക്കായിരുന്നു. ബൗളിങ് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആർ.സി.ബിയുടെ ഇന്നിങ്സ് ഓപൺ ചെയ്യാൻ ഫിൽ സാൾട്ടും കോഹ്‌ലിയും ക്രീസിലേക്ക്. അർഷ്ദീപ് സിങ്ങിന്റെ ആദ്യ പന്ത് വൈഡായി. മൂന്നാം പന്ത് സിക്സറിന് പറത്തിയ സാൾട്ട് വെടിക്കെട്ടിന്റെ സൂചന നൽകി. ആ ഓവറിൽ ഫോറും നേടി ഇംഗ്ലീഷ് ബാറ്റർ. രണ്ടാം ഓവറിൽ ജാമീസനെയും കൈകാര്യം ചെയ്യാൻ ശ്രമിച്ച സാൾട്ടിന് പിഴച്ചു. കൂറ്റനടി മനോഹരമായി കൈപ്പിടിയിലൊതുക്കി ശ്രേയസ്. ഒമ്പത് പന്തിൽ 16 റൺസായിരുന്നു സംഭാവന. സ്കോർ ബോർഡിൽ 18.
മായങ്ക് അഗർവാളായിരുന്നു മൂന്നാമൻ. തുടക്കത്തിലേ ലൈഫ് കിട്ടിയ മായങ്ക്, മൂന്നാം ഓവറിൽ അർഷ്ദീപിനെ സിക്സറിന് പറത്തി സ്കോർ ഉയർത്തി. മറുതലക്കൽ ജാമീസനും. അസ്മത്തുല്ല ഉമർസായിയും പിശുക്ക് കാട്ടിയപ്പോൾ റൺറേറ്റ് താഴ്ന്നുവന്നു. അഞ്ച് ഓവറിൽ സ്കോർ 46. യുസ്വേന്ദ്ര ചാഹലിന്റെ സ്പിന്നിൽ മായങ്കിന്റെ പോരാട്ടത്തിന് വിരാമമായി. ഏഴാം ഓവറിലെ രണ്ടാം പന്തിൽ സിക്സറിനുള്ള ശ്രമം ഡീപ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ അർഷ്ദീപിന്റെ കൈകളിൽ അവസാനിച്ചു. 18 പന്തിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 24 റൺസാണ് മായങ്ക് നേടിയത്. സ്കോർ രണ്ടിന് 56. കോഹ്‌ലി-രജത് പാട്ടിദാർ സഖ്യം രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തു. പത്ത് ഓവറിൽ 87.
ഒരു ഫോറിന്റെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ 16 പന്തിൽ 27 റൺസടിച്ച ആർ.സി.ബി നായകന്റെ പോരാട്ടം 11ാം ഓവറിൽ തീർന്നു. ജാമീസന്റെ രണ്ടാമത്തെ ഇരയായി പാട്ടിദാർ വിക്കറ്റിനു മുന്നിൽ കുടുങ്ങി. മൂന്നിന് 96. തട്ടിമുട്ടി നീങ്ങിയ കോഹ്‌ലിക്കൊപ്പം ലിയാം ലിവിങ്സ്റ്റൺ ചേർന്നു. ചാഹലും വിജയകുമാർ വൈശാഖും എറിഞ്ഞ 12, 13 രീതികളിൽ ഒരു ബൗണ്ടറിപോലും പിറന്നില്ല. റണ്ണെടുക്കാൻ കോഹ്‌ലിയും ലിവിങ്സ്റ്റണും ബുദ്ധിമുട്ടിയതോടെ സ്കോർ 200 കടക്കാനുള്ള സാധ്യതയും കുറഞ്ഞുവന്നു.
ചാഹൽ ബൗൾ ചെയ്ത 14ാം ഓവറിൽ ലിവിങ്സ്റ്റൺ നിലമെച്ചപ്പെടുത്തി. താമസിയാതെ കോഹ്‌ലിക്ക് മടങ്ങാൻ നേരമായി. ഉമർസായി 15ാം ഓവറിൽ കോഹ്‌ലിയെ സ്വന്തം പന്തിൽ പിടിച്ചു. മൂന്ന് ഫോറുകൾ മാത്രമാണ് വിരാടിന്റെ ഇന്നിങ്സിൽ പിറന്നത്. നാലിന് 131. ലിവിങ്സ്റ്റൺ-ജിതേഷ് ശർമ കൂട്ടുകെട്ടിലായിരുന്നു അടുത്ത പ്രതീക്ഷ. 17ാം ഓവറുമായി ജാമീസൻ. പിറന്നത് മൂന്ന് സിക്സ്. മൂന്ന് പന്ത് വൈഡുമായതോടെ 23 റൺസ് വഴങ്ങിയ ജാമീസൻ പക്ഷെ ലിവിങ്സ്റ്റണിന്റെ നിർണായക വിക്കറ്റുമായാണ് അവസാനിപ്പിച്ചത്.
രണ്ട് സിക്സുൾപ്പെടെ 15 പന്തിൽ 25 റൺസ് നേടിയ ബാറ്റർ എൽ.ബി.ഡബ്ല്യൂവിൽ പുറത്ത്. 18ാം ഓവറിൽ ജിതേഷും. രണ്ട് വീതം ഫോറും സിക്സുമടക്കം 10 പന്തിൽ 24 റൺസടിച്ച ജിതേഷിനെ വൈശാഖ് ബൗൾഡാക്കി. 171ൽ ആറാം വിക്കറ്റ്. അവസാന ഓവറിൽ സ്കോർ 200ലെത്തിക്കാനുള്ള ശ്രമത്തിനിടെ റൊമാരിയോ ഷെപ്പേർഡിനെയും (ഒമ്പത് പന്തിൽ 17) ക്രുനാൽ പാണ്ഡ്യയെയും (4) ഭുവനേശ്വർ കുമാറിനെയും (1) അർഷ്ദീപ് മടക്കി. ഷെപ്പേർഡ് വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ ക്രുനാലിനെ ശ്രേയസും ഭുവനേശ്വറിനെ് പ്രിയാൻഷ് ആര്യയും ക്യാച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

