പഞ്ചാബിന് റോയൽ ചാലഞ്ച്; കന്നിക്കിരീടം 191 റൺസ് അകലെ
text_fieldsമായങ്ക് അഗർവാളിന്‍റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പഞ്ചാബ് താരങ്ങൾ
അഹ്മദാബാദ്: ഐ.പി.എൽ ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് 191 റൺസ് വിജയലക്ഷ്യം. 35 പന്തിൽ 43 റൺസടിച്ച സൂപ്പർ താരം വിരാട് കോഹ്ലിയാണ് ആർ.സി.ബിയുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് അവർ 190 റൺസ് നേടിയത്. ഒരുഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്നിങ്സിൽ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കളി പിടിക്കുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി ആക്രമിച്ചു കളിച്ചാണ് തുടങ്ങിയത്. അർഷ്ദീപ് സിങ്ങിന്‍റെ ആദ്യ ഓവറിൽ 13 റൺസ് പിറന്നു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഫിൽ സാൾട്ട് (9 പന്തിൽ 16) മടങ്ങിയത് അവർക്ക് തിരിച്ചടിയായി. കെയ്‍ൽ ജേമിസന്‍റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. റൺനിരക്ക് കുറഞ്ഞതോടെ പവർപ്ലേയിൽ 55 റൺസ് മാത്രമാണ് ബംഗളൂരു ടീമിന് നേടാനായത്.
18 പന്തിൽ 24 റൺസ് നേടിയ മായങ്ക് അഗർവാളിനെ യുസ്വേന്ദ്ര ചഹൽ അർഷ്ദീപിന്‍റെ കൈകളിലെത്തിച്ചു. 11-ാം ഓവറിൽ ക്യാപ്റ്റൻ രജത് പാട്ടിദാറിനെ (16 പന്തിൽ 26) നഷ്ടമായതോടെ ആർ.സി.ബി മൂന്നിന് 96 എന്ന നിലയിലായി. പിന്നാലെയിറങ്ങിയ ലയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച കോഹ്ലി തൊട്ടടുത്ത ഓവറിൽ ടീം സ്കോർ 100 കടത്തി. 35 പന്തിൽ 43 റൺസ് നേടിയ കോഹ്ലി, 15-ാം ഓവറിൽ അസ്മത്തുല്ല ഒമർസായിക്ക് റിട്ടേൺ ക്യാച്ച് സമ്മാനിച്ച് മടങ്ങി.
ഇടക്ക് വമ്പനടികൾ പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റണെ (15 പന്തിൽ 24) ജേമിസൻ വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും ജിതേഷ് ശർമ കത്തിക്കയറി. 18-ാം ഓവറിൽ, 10 പന്തിൽ 24 റൺസെടുത്ത ജിതേഷ്, വൈശാഖ് വിജയകുമാറിന്‍റെ പന്തിൽ ബൗൾഡായി പുറത്തേക്ക്.
അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ആർ.സി.ബി സ്കോർ 190ൽ ഒതുങ്ങുകയായിരുന്നു. റൊമാരിയോ ഷെപേർഡ് (ഒമ്പത് പന്തിൽ 17), കൃണാൽ പാണ്ഡ്യ (നാല്), ഭുവനേശ്വർ കുമാർ (ഒന്ന്) എന്നിവരെ ഒറ്റ ഓവറിൽ അർഷ്ദീപ് പുറത്താക്കി. പഞ്ചാബിനായി അർഷ്ദീപും ജേമിസനും മൂന്ന് വീതം വിക്കറ്റുകൾ പിഴുതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

