കിങ്ങോ കിങ്സോ? ആരുയർത്തും കപ്പ്? ടോസ് പഞ്ചാബിന്, ആർ.സി.ബിയെ ബാറ്റിങ്ങിനയച്ചു
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ 18-ാം സീസൺ കലാശപ്പോരിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ താരങ്ങളെ നിലനിർത്തിയാണ് ഫൈനൽ മത്സരത്തിനിറങ്ങുന്നത്. കിങ് കോഹ്ലിയും സംഘവും അണിനിരക്കുന്ന ആർ.സി.ബിക്ക് കപ്പുയർത്താനാകുമോ അതോ പഞ്ചാബിന്റെ ശ്രേയസ് അയ്യരും സംഘവും കിരീടം നേടുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.
പ്ലേയിങ് ഇലവൻ
ആർ.സി.ബി: രജത് പാട്ടിദാർ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ, റൊമാരിയോ ഷെപ്പേർഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസിൽവുഡ്, മായങ്ക് അഗർവാൾ.പഞ്ചാബ്: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, നേഹൽ വധേര, മാർക്കസ് സ്റ്റോയ്നിസ്, ശശാങ്ക് സിങ്, അസ്മത്തുല്ല ഉമർസായി, കൈൽ ജാമിസൺ, വൈശാഖ് വിജയ്കുമാർ, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്.
ആര് ജയിച്ചാലും അവരുടെ കന്നിക്കിരീടമായിരിക്കുമെന്ന പ്രത്യേകത ഇത്തവണത്തെ കിരീടപ്പോരാട്ടത്തിനുണ്ട്. മുമ്പ് ഫൈനലിലെത്തിയപ്പോൾ റണ്ണറപ്പാവാനായിരുന്നു രണ്ട് കൂട്ടരുടെയും വിധി. രജത് പാട്ടിദാർ നയിക്കുന്ന ആർ.സി.ബിയും ശ്രേയസ് അയ്യർക്ക് കീഴിൽ ഇറങ്ങുന്ന പഞ്ചാബും ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. ഇരു ടീമിനും 19 വീതം പോയന്റാണ് ലഭിച്ചത്. റൺറേറ്റ് ബലത്തിൽ പഞ്ചാബ് ഒന്നും ആർ.സി.ബി രണ്ടും സ്ഥാനങ്ങളിലെത്തി.
ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെതിരെ വൻ ജയവുമായി ആർ.സി.ബി നേരിട്ട് ഫൈനലിൽ. അയ്യരും കൂട്ടരുമാവട്ടെ അടുത്ത അവസരമായി കിട്ടിയ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തരിപ്പണമാക്കി കിരീടത്തിനരികിലേക്ക്. ഇന്ത്യയുടെ സൂപ്പർ ബാറ്ററായ വിരാട് കോഹ്ലി കളിക്കുന്നത് 18ാം സീസണാണ്. അതായത് ഐ.പി.എല്ലിന്റെ തുടക്കം മുതൽ കോഹ്ലി കളത്തിലുണ്ട്. മാത്രമല്ല അന്നുതൊട്ട് ഇന്നോളം ഒറ്റ ടീമിന്റെ ജഴ്സിയേ താരം അണിഞ്ഞിട്ടുള്ളൂ. ഐ.പി.എല്ലിലെ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലേ തന്നെ അപൂർവതയാണിത്.
ഇന്ത്യക്കായി ഏകദിന, ട്വന്റി 20 ലോകകിരീടങ്ങളെല്ലാം നേടിയിട്ടുള്ള കോഹ്ലിക്ക് പക്ഷെ ഐ.പി.എൽ ട്രോഫി ഇനിയും മരീചികയാണ്. മുമ്പ് മൂന്ന് തവണ ഫൈനലിൽ കളിച്ചിട്ടും കപ്പിൽ തൊടാനായിട്ടില്ല. ട്വന്റി 20യിലും ടെസ്റ്റിൽനിന്നും വിരമിച്ച കോഹ്ലി സമീപഭാവിയിൽ ഏകദിനവും മതിയാക്കുമെന്നുറപ്പാണ്. ഐ.പി.എല്ലിലും പിന്നെ അധികനാൾ കണ്ടെന്നു വരില്ല. പ്രീമിയർ ലീഗ് കിരീടമില്ലാത്ത രാജാവായി കിങ് കോഹ്ലി വിരമിക്കരുതെന്നാണ് ആരാധകരുടെ ആഗ്രഹം.
കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് ശ്രേയസ് അയ്യർ. എന്നാൽ, കൊൽക്കത്ത ശ്രേയസിനെ ഇക്കുറി നിലനിർത്തിയില്ല. മെഗാ ലേലത്തിലൂടെ പഞ്ചാബ് കിങ്സിലെത്തിയ താരത്തെ ക്യാപ്റ്റനുമാക്കി. ആ തീരുമാനം ശരിവെച്ച് നായകനെന്ന നിലയിലും ബാറ്ററായും തകർപ്പൻ പ്രകടനം നടത്തുകയാണ് ശ്രേയസ്. 2020ൽ ഡൽഹി കാപിറ്റൽസിനെയും 24ൽ കൊൽക്കത്തയെയും ഇക്കുറി പഞ്ചാബിനെയും ഫൈനലിലേക്ക് നയിച്ചു. 2020ൽ കിരീടം ലഭിച്ചില്ലെങ്കിലും പഞ്ചാബ് ജേതാക്കളായാൽ തുടർച്ചയായ രണ്ട് സീസണുകളിൽ വെവ്വേറെ ടീമുകളുടെ കപ്പുയർത്തുന്ന ക്യാപ്റ്റനാവും ശ്രേയസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

