കൊടുങ്കാറ്റായി റൊമാരിയോ ഷെപേർഡ് (14 പന്തിൽ 53*); ആർ.സി.ബിക്കെതിരെ സൂപ്പർ കിങ്സിന് 214 റൺസ് വിജയലക്ഷ്യം
text_fieldsഅർധ സെഞ്ച്വറി നേടിയ റൊമാരിയോ ഷെപേർഡിന്‍റെ ബാറ്റിങ്
ബംഗളൂരു: ജേക്കബ് ബെതേലും (55) വിരാട് കോഹ്‌ലിയും (62) ചേർന്ന് നൽകിയ ഗംഭീര തുടക്കത്തിന്റെയും റൊമാരിയോ ഷെപേർഡിന്റെ അതിവേഗ അർധ സെഞ്ച്വറിയുടെയും (14 പന്തിൽ 53*) മികവിൽ ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ 214 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു. മൂന്ന് വിക്കറ്റ് പിഴുത മതീഷ പതിരന ഇടക്ക് റൺനിരക്ക് കുറച്ചെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച ഷെപേർഡ് ടീമിനെ മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 213 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ ചെന്നൈ, ബംഗളൂരുവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണിങ് വിക്കറ്റിൽ സൂപ്പർ താരം കോഹ്‌ലിയും ബെതേലും ചേർന്ന് സ്വപ്ന സമാന തുടക്കമാണ് ആർ.സി.ബിക്ക് സമ്മാനിച്ചത്. പവർപ്ലേയിൽ 71 റൺസടിച്ച ഓപണർമാർ, ഒന്നാം വിക്കറ്റിൽ 97 റൺസ് ചേർത്താണ് പിരിഞ്ഞത്. 33 പന്തിൽ 55 റൺസ് നേടിയ ബെതേലിനെ പത്താം ഓവറിൽ പുറത്താക്കി പതിരനയാണ് കൂട്ടുകെട്ട് പൊളിച്ചത്. രണ്ടോവർ പിന്നിടുന്നതിനിടെ കോഹ്‌ലിയെ സാം കറൻ നൂർ അഹ്മദിന്റെ കൈകളിലെത്തിച്ചു. പതിവിനു വിപരീതമായി തകർത്തടിച്ച കോഹ്‌ലി 33 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമുൾപ്പെടെ 63 റൺസ് നേടിയാണ് പുറത്തായത്.
ദേവ്ദത്ത് പടിക്കൽ (15 പന്തിൽ 17), ക്യാപ്റ്റൻ രജത് പാടിദാർ (15 പന്തിൽ 11) എന്നിവരെ കൂടി പുറത്താക്കി പതിരന ആർ.സി.ബി ക്യാമ്പിനെ ഞെട്ടിച്ചു. ഇതിനിടെ ജിതേഷ് ശർമയെ (7) നൂർ അഹ്മദും മടക്കി. അവസാന രണ്ടോവറിൽ റൊമാരിയോ ഷെപേർഡ് തകർത്തടിച്ചതോടെ സ്കോർ കുത്തനെ ഉയർന്നു. ഖലീൽ അഹ്മദ് എറിഞ്ഞ 19-ാം ഓവറിൽ 33ഉം പതിരനയുടെ അവസാന ഓവറിൽ 21 റൺസുമാണ് പിറന്നത്! 19-ാം ഓവറിന്റെ തുടക്കത്തിൽ 8.83 ആയിരുന്ന റൺനിരക്ക് ഇന്നിങ്സ് അവസാനിക്കുമ്പോൾ 10.65 എന്ന നിലയിലായി. 14 പന്തിൽ നാല് ഫോറും ആറ് സിക്സും സഹിതം 53 റൺസടിച്ച ഷെപേർഡ് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

