ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനം വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ രോഹിത് ശർമയെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് ഇംഗ്ലീഷ് കാണികൾ പവലിയനിലേക്കയച്ചത്. 2013ൽ അരങ്ങേറിയ ശേഷം നേട്ടം സ്വന്തമാക്കാനായി എട്ടുവർഷമാണ് രോഹിത്തിന് കാത്തിരിക്കേണ്ടി വന്നത്.
94 റൺസിൽ എത്തിനിൽക്കേ മുഈൻ അലിലെ ലോങ്ഓണിലൂടെ സിക്സർ പറത്തിയാണ് രോഹിത്ത് സെഞ്ച്വറി ആഘോഷിച്ചത്. എന്നാൽ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 2016ലെ രോഹിത്തിന്‍റെ ഒരു ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
'നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്ന് ആളുകൾ പറയുന്നത് ചെയ്യുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'- ഇതായിരുന്നു ട്വീറ്റിലെ ഉള്ളടക്കം. ഏതായാലും പറഞ്ഞത് ചെയ്ത് കാണിച്ച ഹിറ്റ്മാനെ വാഴ്ത്തുകയാണ് ട്വിറ്ററാറ്റി.
മധ്യനിര ബാറ്റ്സ്മാനയി ടെസ്റ്റ് ടീമിൽ കയറിയും ഇറങ്ങിയും കളിച്ചിരുന്ന രോഹിത്ത് ശർമക്ക് ഓപണറുടെ റോളിൽ പ്രമോഷൻ ലഭിച്ചതോടെയാണ് തലവര മാറിയത്. സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ തിളങ്ങിയതോടെ ലോകേഷ് രാഹുലിനൊത്ത കൂട്ടാളിയെ ഇന്ത്യക്ക് കണ്ടെത്താനായി.