രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളത്തിലിറങ്ങും
text_fieldsരോഹിത് ശർമ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ രോഹിത് ശർമ ട്വന്‍റി20 ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. കുട്ടിക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷമാണ് താരം ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താൽപര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്.
ഡിസംബർ 12 മുതൽ 18 വരെയുള്ള തീയതികളിൽ ഇൻഡോറിലാണ് ടൂർണമെന്‍റിന്‍റെ നോക്കൗട്ട് മത്സരങ്ങൾ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുശേഷം ജനുവരി 11ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യ അടുത്ത ഏകദിന മത്സരം കളിക്കുന്നത്. ഇന്ത്യൻ കുപ്പായത്തിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് കളിക്കണമെന്ന് വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത്തിനും ബി.സി.സി.ഐ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി കോഹ്ലി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാനൊരുങ്ങുകയാണ്.
ഡിസംബർ 24നാണ് ടൂർണമെന്‍റ് ആരംഭിക്കുന്നത്. മത്സര ക്രിക്കറ്റിൽ വലിയ ഇടവേള വരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രോഹിത് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാൻ താൽപര്യം അറിയിച്ചത്. നിലവിൽ ഗ്രൂപ്പ് റൗണ്ടിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കുവേണ്ടി കളിക്കാൻ നേരത്തെ തന്നെ രോഹിത് താൽപര്യം അറിയിച്ചിട്ടുണ്ട്. 15 വർഷത്തിനു ശേഷമാണ് കോഹ്‍ലി വിജയ് ഹസാരെ കളിക്കാനെത്തുന്നത്.
ടെസ്റ്റും, ട്വന്റി20യും അവസാനിപ്പിച്ച കോഹ്‍ലിയും രോഹിതും നിലവിൽ ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഓസീസിനെതിരായ പരമ്പരക്കു പിന്നാലെ നാട്ടിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും രോഹിത്തും കോഹ്ലിയും തകർപ്പൻ ഫോമിലാണ് ബാറ്റുവീശുന്നത്. പ്രോട്ടീസിനെതിരെ കളിച്ച രണ്ടു ഏകദിനത്തിലും സെഞ്ച്വറി നേടിയാണ് കോഹ്ലി വിമർശകരുടെ വായടപ്പിച്ചത്. റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ രോഹിത് അർധ സെഞ്ച്വറി നേടിയിരുന്നു.
2011-12 സീസണിലാണ് രോഹിത് അവസാനമായി ആഭ്യന്തര ട്വന്‍റി20 ടൂർമെന്‍റ് കളിച്ചത്. ഹിറ്റ്മാന്‍റെ സാന്നിധ്യം ടൂർണമെന്‍റിൽ മുംബൈക്ക് കരുത്താകും. ശനിയാഴ്ച വിശാഖപട്ടണത്താണ് പ്രോട്ടീസിനെതിരായ പരമ്പരയിലെ നിർണായക മത്സരം. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനായി രോഹിത് ഇൻഡോറിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

