Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിത്തിന്‍റെ...

രോഹിത്തിന്‍റെ സെഞ്ച്വറി പാഴായി, ഇന്ത്യക്ക് 27 റൺസ് തോൽവി; ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് (2-1)

text_fields
bookmark_border
രോഹിത്തിന്‍റെ സെഞ്ച്വറി പാഴായി, ഇന്ത്യക്ക് 27 റൺസ് തോൽവി; ഏകദിന പരമ്പരയും ഇംഗ്ലണ്ടിന് (2-1)
cancel

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഇന്ത്യ 27 റൺസിന് തോറ്റതോടെ 2-1ന് പരമ്പര ആതിഥേയർ സ്വന്തമാക്കി. ട്വന്‍റി20 പരമ്പര തോൽവിക്കു പിന്നാലെ ഇന്ത്യക്കു മറ്റൊരു നാണക്കേട് കൂടി.

വെറ്ററൻ താരം രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയും നായകൻ ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറിയും ഒരുവേള ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, മാധ്യനിര ബാറ്റർമാർ കൂട്ടത്തോടെ തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 387 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 360 റൺസെടുക്കാനെ കഴിഞ്ഞുള്ളു. രോഹിത് ശർമ 110 പന്തിൽ 138 റൺസെടുത്താണ് പുറത്തായത്. 84 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്.

ഏകദിനത്തിൽ ഹിറ്റ്മാന്‍റെ 34ാം സെഞ്ച്വറിയാണിത്. ലോർഡ്സിൽ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് താരം സ്വന്തമാക്കി. 2004ൽ ഇംഗ്ലണ്ടിനെതിരെ മുൻ നായകൻ സൗരവ് ഗാംഗുലി നേടിയ 90 റൺസാണ് ഇതിനു മുമ്പുള്ള ഉയർന്ന സ്കോർ. ഗിൽ 84 പന്തിൽ 77 റൺസും വിരാട് കോഹ്ലി 60 പന്തിൽ 74 റൺസെടുത്തും പുറത്തായി. ഒരുഘട്ടത്തിൽ ഇന്ത്യ 43.3 ഓവറിൽ മൂന്നു വിക്കറ്റിന് 304 റൺസെന്ന നിലയിലായിരുന്നു. ഇഷാൻ കിഷൻ (12 പന്തിൽ 14), ശ്രേയസ് അയ്യർ (പൂജ്യം), കെ.എൽ. രാഹുൽ (എട്ടു പന്തിൽ 12), അക്ഷർ പട്ടേൽ (മൂന്നു പന്തിൽ രണ്ട്) എന്നിവർക്കൊന്നും തിളങ്ങാനായില്ല. 14 പന്തിൽ 18 റൺസുമായി ഗുർനൂർ ബ്രാറും ആറു പന്തിൽ 15 റൺസുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി സാം കരൻ നാലു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ഓപ്പണർ ബെൻ ഡക്കറ്റിന്‍റെ തർക്കപ്പൻ സെഞ്ച്വറിയുടെയും (135 പന്തിൽ 141), ജേക്കബ് ബെഥൽ (93 പന്തിൽ 91), ജോ റൂട്ട് (48 പന്തിൽ 74*) എന്നിവരുടെ അർധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇംഗ്ലീഷുകാർ റൺമല കയറിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ജോസ് ബട‌്‌ലർ 13 പന്തിൽ 41 റൺസെടുത്തു. ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സ് മൈതാനത്ത് ഏകദിന മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒന്നാം വിക്കറ്റിൽ ഡക്കറ്റും ബെഥലും ചേർന്ന് 192 റൺസാണ് കൂട്ടിച്ചേർത്തത്.

ഏകദിന ക്രിക്കറ്റിൽ ലോർഡ്‌സിൽ കുറിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. പേസ് കുന്തമുന ജസ്പ്രീത് ബുംറ ഇല്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. നായകൻ ഹാരി ബ്രൂക്കാണ് (12 പന്തിൽ 14) പുറത്തായ മറ്റൊരു താരം. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 10 ഓവറിൽ 69 റൺസ് വഴങ്ങി രണ്ടു വിക്കറ്റ്‍ വീഴ്ത്തി. 10 ഓവറിൽ 79 റൺസ് വഴങ്ങിയ പ്രിൻസ് യാദവിനാണ് മറ്റൊരു വിക്കറ്റ്. ഗുർനൂർ ബ്രാർ 10 ഓവറിൽ 97 റൺസാണ് വിട്ടുകൊടുത്തത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ഡക്കറ്റും ബെഥലും മികച്ച തുടക്കം നൽകി. ഇന്ത്യ ബൗളർമാരെ മാറ്റി പരീക്ഷിച്ചെങ്കിലും വിക്കറ്റ് മാത്രം വീണില്ല. ഒടുവിൽ സെഞ്ച്വറിയിലേക്ക് കുതിച്ച ബെഥലിനെ 31ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് വീഴ്ത്തിയത്. രോഹിത് ശർമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

ഇംഗ്ലണ്ട് സ്കോർ 30.1 ഓവറിൽ 192 റൺസ്. പിന്നാലെ ജോ റൂട്ട് ഡക്കറ്റിന് ഉറച്ച പിന്തുണ നൽകി. 36ാം ഓവറിൽ ഡക്കറ്റ് സെഞ്ച്വറിയിലെത്തി. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റിലും ഏകദിനത്തിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഓപ്പണർ ബാറ്ററാണ് ഡക്കറ്റ്. 150 ലേക്ക് കുതിച്ച താരത്തെ 44ാം ഓവറിൽ പ്രിൻസ് യാദവാണ് പുറത്താക്കിയത്. ലോഡ്സ് ഗ്രൗണ്ടിൽ ഏകദിനത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡ് കുറിച്ചാണ് താരം മടങ്ങിയത്. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് നേടിയ 138 റൺസിന്റെ റെക്കോർഡാണ് മറികടന്നത്. ഹാരി ബ്രൂക്ക് വേഗം മടങ്ങി. അവസാന ഓവറുകളിൽ ജോ റൂട്ടും ജോസ് ബട്‍ലറും നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് ടീം സ്കോർ 380 കടത്തിയത്. മൂന്നു സിക്സും നാലു ഫോറുമടക്കം 13 പന്തിലാണ് ബട്‍ലർ 41 റൺസെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamRohit Sharma
News Summary - Rohit Sharma's Knock In Vain As England Beat India To Clinch Series 2-1
Next Story