രോഹിത്തിനും കോഹ്ലിക്കും തിരിച്ചടി! ബി.സി.സി.ഐയുടെ ലോകകപ്പ് പദ്ധതിയിൽ ഇരുവരുമില്ല; വിരമിക്കൽ ഉടൻ?
text_fieldsമുംബൈ: 2027 ലോകകപ്പ് കളിക്കാമെന്ന രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും മോഹങ്ങൾക്ക് പൂട്ടിട്ട് ബി.സി.സി.ഐ. ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റിൽനിന്ന് ഇതിനകം വിരമിച്ച ഇരുവരും ഉടൻ ഏകദിന ക്രിക്കറ്റിനോടും വിടപറയും.
ആസ്ട്രേലിയൻ പര്യടനം ഇന്ത്യൻ ജഴ്സിയിൽ വെറ്ററൻ താരങ്ങളുടെ അവസാന അന്താരാഷ്ട്ര ടൂർണമെന്‍റാകുമെന്നാണ് പുറത്തുവരുന്ന വിവരം. 2027 ലോകകപ്പിനുള്ള പദ്ധതിയിൽ ഇരുവർക്കും സ്ഥാനമില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. പ്രതിഭാധനരായ യുവതാരങ്ങൾ അവസരങ്ങൾ കാത്തുനിൽക്കുന്നതിനാൽ ഇനി കോഹ്ലിയെയും രോഹിത്തിനെയും ടീമിലേക്ക് പരിഗണിക്കേണ്ടെന്ന നിലപാടാണ് മാനേജ്മെന്‍റിനും സെലക്ഷൻ കമ്മിറ്റിക്കും. ഓസീസ് പര്യടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയാനുള്ള അവസരം നൽകാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.
ഓസീസ് പര്യടനത്തിനുശേഷവും ടീമിൽ തുടരണമെന്നുണ്ടെങ്കിൽ അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫി കളിക്കണമെന്ന നിർദേശവും ബി.സി.സി.ഐ പരിഗണിക്കുന്നതായി സൂചനകളുണ്ട്. ലിസ്റ്റ് എ 50 ഓവർ ക്രിക്കറ്റ് വാർഷിക ടൂർണമെന്‍റാണ് വിജയ് സഹാരെ ട്രോഫി. ഡിസംബറിലാണ് ടൂർണമെന്‍റ് നടക്കുക. ഇരുവരും അതിന് തയാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2027 ഏകദിന ലോകകപ്പിനുള്ള ബി.സി.സി.ഐ പദ്ധതിയിൽ കോഹ്ലിയും രോഹിത്തും ഫിറ്റല്ലെന്നാണ് ടീം മാനേജ്മെന്‍റ് പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒക്ടോബർ 19, 23, 25 തീയതികളിൽ മൂന്നു ഏകദിനങ്ങളാണ് ആസ്ട്രേലിയയിൽ ഇന്ത്യ കളിക്കുന്നത്. പുതിയ നായകൻ ശുഭ്മൻ ഗില്ലിനു കീഴിൽ ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതും ടീം മാനേജ്മെന്‍റിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ട്വന്‍റി20യിലും ടെസ്റ്റിലും തലമുറ മാറ്റം വിജയകരമായി നടപ്പാക്കാനായതിനാൽ ഏകദിനത്തിലും അത് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ. ചാമ്പ്യൻസ് ട്രോഫിയിലാണ് രോഹിത്തും കോഹ്ലിയും അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.
2027 ക്ടോബര്‍-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ രാജ്യങ്ങൾ വേദിയാകുന്ന ഏകദിന ലോകകപ്പിൽ കളിക്കാനാകുമെന്ന പ്രതീക്ഷ കോഹ്ലിയും രോഹിത്തും പങ്കുവെച്ചിരുന്നു. അന്ന് രോഹിത്തിന് 40 വയസ്സും കോഹ്ലിക്കും 38 വയസ്സും പൂര്‍ത്തിയാകും. അതിനുവേണ്ടി മാത്രം ഇരുവരെയും ടീമിൽ നിലനിർത്താനാകില്ലെന്നാണ് പൊതുവികാരം. ഇടവേളകളിലെത്തുന്ന മത്സരങ്ങൾക്കുവേണ്ടി ഇരുവർക്കും ഫിറ്റ്നസ് നിലനിർത്താനാകുമോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

