രോഹിത് നായക പദവി ഒഴിയുമോ? ബി.സി.സി.ഐ അവലോകന യോഗത്തിൽ നിർണായക തീരുമാനം
text_fieldsമുംബൈ: ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന്‍റെ ദയനീയ തോൽവി വിലയിരുത്താൻ ചേർന്ന ബി.സി.സി.ഐ യോഗത്തിൽ രോഹിത് ശർമയുടെ നായക പദവിയുടെ ഭാവി സംബന്ധിച്ച് നിർണായക തീരുമാനം.
മുഖ്യ സെലക്ടർ അജിത് അഗാർക്കർ, ടീം പരിശീലകൻ ഗൗതം ഗംഭീർ എന്നിവരും ശനിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഏതാനും മാസങ്ങൾ കൂടി നായക സ്ഥാനത്തു തുടരാനുള്ള ആഗ്രഹം രോഹിത് യോഗത്തിൽ പ്രകടിപ്പിച്ചു. പരമ്പരയിലെ തോൽവിക്കു പുറമെ, ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെയാണ് രോഹിത്തിന്‍റെ ക്യാപ്റ്റൻ പദവി ചോദ്യം ചെയ്യപ്പെട്ടത്. സിഡ്നിയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ കളിക്കാതെ താരം സ്വയം മാറിനിന്നിരുന്നു. യോഗത്തിൽ അഗാർക്കറും ഗംഭീറും അവരുടെ ഭാഗങ്ങൾ വിശദീകരിച്ചു.
പിന്നാലെയാണ് കുറച്ചു മാസങ്ങൾ കൂടി ക്യാപ്റ്റൻ സ്ഥാനത്ത് തുടരാനുള്ള ആഗ്രഹം രോഹിത് വ്യക്തമാക്കിയത്. താൻ ക്യാപ്റ്റനായി തുടരുന്ന കാലയളവിൽ പുതിയ ക്യാപ്റ്റനെ കണ്ടുപിടിക്കാനും രോഹിത് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. പുതിയ ക്യാപ്റ്റന് തന്റെ സമ്പൂർണ പിന്തുണയുണ്ടാകുമെന്നും താരം അറിയിച്ചതായാണ് വിവരം. രോഹിത്തിന്‍റെ പിൻഗാമിയായി പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ പേര് ചർച്ചക്കെത്തിയെങ്കിലും ഒരുവിഭാഗം സംശയം പ്രകടിപ്പിച്ചു. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരകളിൽ ബുംറക്ക് ഇന്ത്യയെ നയിക്കാനാകുമോയെന്ന ചോദ്യമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്.
ഓസീസിനെതിരായ അഞ്ചു ടെസ്റ്റുകളിലും കളിച്ച ബുംറ, രണ്ടു മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. അഞ്ചാം ടെസ്റ്റിനിടെ പരിക്കേറ്റ താരം
രണ്ടാം ഇന്നിങ്സിൽ പന്തെറിഞ്ഞിരുന്നില്ല. പരിക്കേൽക്കാൻ സാധ്യത കൂടുലുള്ള താരത്തെ ക്യാപ്റ്റനാക്കുന്നത് തിരിച്ചടിയാകുമോയെന്നാണ് ഇവരുടെ ചോദ്യം. അതേസമയം, ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ തന്നെ ടീമിനെ നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൂർണമെന്‍റിനു പിന്നാലെ ഇന്ത്യൻ പ്രിമിയർ ലീഗിന് തുടക്കമാകും. ഈ സമയത്ത് ഇന്ത്യയുടെ പുതിയ നായകന്റെ കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാമെന്നാണ് ബി.സി.സി.ഐ നിലപാട്.
ഐ.പി.എല്ലിനു പിന്നാലെ ഇംഗ്ലണ്ടിൽ ഇന്ത്യ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയിൽ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മോശം പ്രകടനമാണ് കോഹ്ലിയും രോഹിത്തും ബാറ്റ് കൊണ്ട് കാഴ്ചവെച്ചത്. വിരാട് ഒമ്പത് ഇന്നിങ്സിൽ നിന്നും ഒരു സെഞ്ച്വറി ഉൾപ്പടെ 190 റൺസ് നേടിയപ്പോൾ രോഹിത് ശർമ അഞ്ച് ഇന്നിങ്സിൽ നിന്നും വെറും 31 റൺസ് മാത്രമാണ് നേടിയാണ്. അഞ്ച് മത്സര പരമ്പരയിൽ മൂന്ന് മത്സരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

