രോഹിത് രഹാനെക്കു കീഴിൽ രഞ്ജി കളിക്കും, ടീമിൽ ജയ്സ്വാളും ശ്രേയസും; വമ്പൻ സ്ക്വാഡുമായി മുംബൈ
text_fieldsമുംബൈ: തിങ്കളാഴ്ചയാണ് രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചത്. 17 അംഗ സംഘത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും യുവ താരം യശസ്വി ജയ്സ്വാളിന്‍റെയുമുൾപ്പെടെ പേരുകളുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെയാണ് പത്ത് വർഷത്തിനു ശേഷം രോഹിത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2015ലാണ് മുംബൈ ടീമിനുവേണ്ടി രോഹിത് ഒടുവിൽ പാഡണിഞ്ഞത്.
37കാരനായ രോഹിത് ഇത്തവണ അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റൻസിക്കു കീഴിലാണ് ടീമിലിടം നേടിയത്. വ്യാഴാഴ്ച ജമ്മു കശ്മീരിനെതിരെ ആരംഭിക്കുന്ന മത്സരത്തിന് ദേശീയ ടീമംഗങ്ങളായ ശ്രേയസ് അയ്യർ, ശിവം ദുബേ, ശാർദുൽ ഠാക്കൂർ എന്നിവരുമുണ്ട്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തിനു പിന്നാലെ, ദേശീയ ടീമംഗങ്ങൾ ആഭ്യന്തര ക്രിക്കറ്റിലും കളിക്കണമെന്ന് ബി.സി.സി.ഐ നിർദേശിച്ചതോടെയാണ് താരങ്ങൾ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നത്. നേരത്തെ സൂപ്പർ താരം വിരാട് കോഹ്ലിയും ഋഷഭ് പന്തും ഡൽഹി സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നു.
ആസ്ട്രേലിയക്കെതിരെ അഞ്ച് ഇന്നിങ്സിൽ 31റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഫോം മോശമായതോടെ പരമ്പരയിലെ അവസാന മത്സരത്തിൽ താരം കളിച്ചിരുന്നില്ല. വിരാട് കോഹ്ലിയുടെ പ്രകടനവും മോശമായതോടെ ആരാധക രോഷമുയരുകയും ഇരുവരും വിരമിക്കണമെന്ന് ആവശ്യമുയരുകയും ചെയ്തു. എന്നാൽ കളി നിർത്താൻ ഉദ്ദേശ്യമില്ലെന്ന് രോഹിത് വ്യക്തമാക്കിയതോടെ, ചാമ്പ്യൻസ് ട്രോഫിയിലും താരം ടീം ഇന്ത്യയെ നയിക്കുമെന്ന് വ്യക്തമാകുകയായിരുന്നു. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
മുംബൈ സ്ക്വാഡ്: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ആയുഷ് മഹാത്രേ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, ശിവം ദുബേ, ഹാർദിക് തമൂർ (വിക്കറ്റ് കീപ്പർ), ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ), തനുഷ് കൊട്ടിയാൻ, ഷംസ് മുലാനി, ഹിമാൻഷു സിങ്, ശാർദുൽ ഠാക്കൂർ, മോഹിത് അവാസ്തി, സിൽവർസ്റ്റർ ഡിസൂസ, റോയ്സ്റ്റൺ ഡയസ്, കർഷ് കോതാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

