വിമർശകർക്ക് ഇതിലും നല്ല മറുപടിയില്ല! രോഹിത്തിന് വെടിക്കെട്ട് അർധ സെഞ്ച്വറി (32 പന്തിൽ 52*); ഇന്ത്യ മികച്ച നിലയിൽ
text_fieldsകട്ടക്ക്: മോശം പ്രകടനത്തിന്‍റെ പേരിൽ വിമർശനം നേരിടുന്നതിനിടെ ബാറ്റുകൊണ്ട് മറുപടി നൽകി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരെ കട്ടക്കിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ താരം അർധ സെഞ്ച്വറി പിന്നിട്ടു.
32 പന്തിലാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. നാലു സിക്സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. താരത്തിന്‍റെ ഏകദിന കരിയറിലെ നാലാമത്തെ വേഗതയേറിയ അർധ സെഞ്ച്വറിയാണിത്. ആറു മാസം മുമ്പാണ് രോഹിത് അവസാനമായി രാജ്യാന്തര ക്രിക്കറ്റിൽ ഒരു അർധ സെഞ്ച്വറി നേടിയത്. വിവിധ ഫോർമാറ്റുകളിലായി കഴിഞ്ഞ 10 ഇന്നിങ്സുകളിലും രോഹിത്തിന് ഇരുപതിന് മുകളിൽ സ്കോർ നേടാൻ കഴിഞ്ഞിരുന്നില്ല. മോശം പ്രകടനത്തിൽ താരത്തിന്‍റെ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായിരുന്നു. ഇതിനിടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ചാമ്പ്യൻസ് ട്രോഫിക്ക് തയാറെടുക്കുന്ന ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് രോഹിത് ഫോം വീണ്ടെടുത്തത്. നിലവിൽ 10.2 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 83 റൺസെടുത്തിട്ടുണ്ട്. 28 റൺസുമായി ശുഭ്മൻ ഗില്ലും ക്രീസിലുണ്ട്. നേരത്തെ, വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്ത്യക്കായി മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത്തും ശുഭ്മൻ ഗില്ലും നൽകിയത്. മൈതാനത്തെ ഫ്ലഡ് ലൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് മത്സരം അൽപസമയം തടസ്സപ്പെട്ടു. നേരത്തെ, 331 സിക്സുകളുമായി ഗെയ്‍ലിനൊപ്പമായിരുന്നു രോഹിത്ത്. മത്സരത്തിൽ നേടിയ നാലു സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 335 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്.
മുൻ പാകിസ്താൻ നായകൻ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 398 മത്സരങ്ങളിൽനിന്ന് 351 സിക്സുകൾ. ആദ്യ ഏകദിനത്തിൽ രോഹിത് രണ്ട് റൺസിന് പുറത്തായിരുന്നു. രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 305 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്തായി. ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) സന്ദർശകർക്കായി അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി. നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിൽ നാലു വിക്കറ്റിനു ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ട്വന്‍റി20 പരമ്പര ഇന്ത്യ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

