‘യൂനിവേഴ്സൽ ബോസി’നെയും പിന്നിലാക്കി ‘ഹിറ്റ്മാൻ’; സിക്സറുകളുടെ എണ്ണത്തിൽ റെക്കോഡ് തിരുത്തി രോഹിത്
text_fieldsരോഹിത് ശർമ
വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ അടിച്ചെടുക്കാനായില്ലെങ്കിലും ബാറ്റിങ് റെക്കോഡിൽ പുതിയ നാഴികക്കല്ലുകൾ താണ്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോഡ് നേരത്തെതന്നെ സ്വന്തംപേരിലുള്ള രോഹിത്, ഓപണിങ് റോളിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡാണ് ഞായറാഴ്ച സ്വന്തം പേരിലാക്കിയത്. വെസ്റ്റിൻഡീസിന്‍റെ യൂനിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‍ലിനെ പിന്നിലാക്കിയാണ് രോഹിത്തിന്‍റെ കുതിപ്പ്.
ഇന്ത്യയുടെ ഇന്നിങ്സിൽ ആറാം ഓവറിലും ഏഴാം ഓവറിലുമാണ് രോഹിത് സിക്സടിച്ചത്. ആദ്യം ബെൻ ഫോക്സും പിന്നാലെ കൈൽ ജേമിസനും ഹിറ്റ്മാന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ പൂർത്തിയാക്കാനും രോഹിത്തിനായി. ഓപണറെന്ന നിലയിൽ രോഹിത്തിന്‍റെ സിക്സറുകളുടെ എണ്ണം 329 ആയി. ഓപണറായി 328 സിക്സറുകളാണ് ഗെയ്‍ൽ നേടിയിട്ടുള്ളത്.കഴിഞ്ഞ വർഷം പാകിസ്താന്‍റെ ശഹീദ് അഫ്രീദിയെ പിന്നിലാക്കിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയത്.
അടുത്തിടെ നടന്ന പരമ്പരകളിലെല്ലാം മിന്നുംഫോമിലുള്ള രോഹിത് നിലവിൽ ലോക ഒന്നാംനമ്പർ ഏകദിന ബാറ്ററാണ്. കഴിഞ്ഞ 14 ഇന്നിങ്സിൽനിന്ന് 650 റൺസാണ് താരം അടിച്ചെടുത്തത്. വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രോഹിത്തിന്‍റെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്.
അതേസമയം ഒന്നാം ഏകദിനത്തിൽ ഇന്ത്യ നാലു വിക്കറ്റ് വിജയം സ്വന്തമാക്കി. വിരാട് കോഹ്ലിയുടെയും (93) നായകൻ ശുഭ്മൻ ഗില്ലിന്‍റെയും (56) അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രോഹിത് 26 റൺസ് നേടി പുറത്തായി. പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 49 റൺസ് അടിച്ചെടുത്തു. കിവീസ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോർ: ന്യൂസിലൻഡ് -50 ഓവറിൽ എട്ടു വിക്കറ്റിന് 300, ഇന്ത്യ -49 ഓവറിൽ ആറു വിക്കറ്റിന് 306. മൂന്നുമത്സര പരമ്പരയിലെ അടുത്ത മത്സരം ബുധനാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

