രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ; സഞ്ജു സാംസൺ ട്വന്റി20 ടീമിൽ
text_fieldsന്യൂഡൽഹി: ശ്രീലങ്കക്കെതിരായി നടക്കുന്ന ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ടെസ്റ്റ് നായകനായി രോഹിത് ശർമയെ ബി.സി.സിഐ തെരഞ്ഞെടുത്തു. ജസ്പ്രീത് ബൂംറയാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ സ്ഥാനം പിടിച്ചു.
ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചു. പരിക്കേറ്റ കെ.എൽ. രാഹുലും വാഷിങ്ടൺ സുന്ദറും പരമ്പരക്കുണ്ടാകില്ല.
മുതിർന്ന താരങ്ങളായ ചേതേശ്വർ പുജാരയെയും അജിൻക്യ രഹാനെയെയും ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി. ഏറെ നാളായി ഫോമില്ലാത്ത താരങ്ങളെ ഏറെ ചർച്ചകൾ നടത്തിയ ശേഷമാണ് സെലക്ടർമാർ പുറത്തിരുത്തിയത്. മറ്റ് രണ്ട് സീനിയർ താരങ്ങളായ വൃദ്ധിമാൻ സാഹക്കും ഇശാന്ത് ശർമക്കും ടീമിൽ സ്ഥാനം നിലനിർത്താനായില്ല.
സീനിയർ ബൗളർമാരായ ജസ്പ്രീത് ബൂംറയും രവീന്ദ്ര ജദേജയും ടീമിൽ മടങ്ങിയെത്തി. ടെസ്റ്റ് ടീമിന്റെ മധ്യനിരയിൽ ശ്രേയസ് അയ്യരും ഹനുമ വിഹാരിയുമാകും ബാറ്റിങ്ങിനിറങ്ങുക. രാഹുലിന്റെ അഭാവത്തിൽ ഓപണറുടെ റോളിൽ മായങ്ക് അഗർവാൾ എത്തും. ബൂംറ, മുഹമ്മദ് ഷമി, മുഹമ്മദ് ഷമി എന്നിവർ പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കും. ജദേജ, ആർ. അശ്വിൻ, ജയന്ത് യാദവ് എന്നിവരാകും സ്പിൻ ഓപ്ഷൻസ്.
മാർച്ച് ഒന്നിനാണ് ടെസ്റ്റ പരമ്പര തുടങ്ങുന്നത്.
ട്വന്റി20 ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, ജസ്പ്രീത് ബൂംറ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, രവീന്ദ്ര ജദേജ, യൂസ്വേന്ദ്ര ചഹൽ, രവി ബിഷ്നോയ്, കുൽദീപ് യാദവ്, ആവേഷ് ഖാൻ.
ടെസ്റ്റ്: രോഹിത് ശർമ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചാൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കെ.എസ്. ഭരത്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ജയന്ത് യാദവ്, കുൽദീപ്, ജസ്പ്രീത് ബൂംറ (വൈസ് ക്യാപ്റ്റൻ), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ.