ഇന്ത്യക്ക് ക്രിക്കറ്റ് ലോക കിരീടം സമ്മാനിച്ച രോഹിത് ശർമക്കും ഹർമൻപ്രീത് കൗറിനും ‘പത്മശ്രീ’, വിജയ് അമൃതരാജിന് ‘പത്മഭൂഷൺ’
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നവരിൽ മുൻനിര കായിക താരങ്ങളും. ടെന്നിസ് ഇതിഹാസം വിജയ് അമൃതരാജിന് പത്മ ഭൂഷൺ സമ്മാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയൻ ആദരമായ പത്മഭൂഷൺ ഈ വർഷം ലഭിക്കുന്ന ഏക കായിക താരമാണ് മുൻ ഡേവിസ് കപ്പ് അതികായനായ വിജയ്. 1983ൽ പത്മശ്രീ ലഭിച്ച താരം വിംബിൾഡൺ സിംഗിൾസിൽ ഒരു തവണയും യു.എസ് ഓപണിൽ രണ്ട് തവണയും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
2024ലെ ട്വന്റി20 ലോകകപ്പും 2025ലെ ചാമ്പ്യൻസ് ട്രോഫിയും രോഹിത് ശർമക്കു കീഴിൽ ടീം നേടി. ട്വന്റി20 കിരീടത്തിന് പിറകെ കുട്ടിക്രിക്കറ്റിൽനിന്നും വൈകാതെ ടെസ്റ്റ് ഫോർമാറ്റിൽനിന്നും വിരമിച്ച താരം നിലവിൽ ഏകദിന ടീമിൽ മാത്രമാണ് പാഡു കെട്ടുന്നത്. ഹർമൻപ്രീത് നയിച്ച വനിത ക്രിക്കറ്റ് ടീം ഐ.സി.സി ലോകകപ്പ് ചാമ്പ്യന്മാരായിരുന്നു. നവി മുംബൈയിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ടീം വീഴ്ത്തിയത്.
പാരാലിമ്പിക് സ്വർണമെഡൽ ജേതാവായ ഹൈ ജംപ് താരം പ്രവീൺ കുമാർ, വനിത ദേശീയ ഹോക്കി ടീം ക്യാപ്റ്റൻ സവിത പൂനിയ, വെറ്ററൻ കോച്ച് ബൽദേവ് സിങ്, കെ. പജനിവേൽ, മുൻ ഗുസ്തി പരിശീലകൻ വ്ലാഡ്മിർ മെസ്റ്റ്‍വിരിഷ്വിലി എന്നിവർക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

