വിളിച്ചിട്ടും കേക്ക് മുറിക്കാനില്ലെന്ന് കോഹ്ലി, ഹോട്ടൽ ലോബിയിൽ രോഹിത്തും ഗംഭീറും തിരക്കിട്ട ചർച്ചയിൽ -വിഡിയോ
text_fieldsമുംബൈ: വെറ്ററൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അകൽച്ചയിലാണെന്ന വാർത്തകൾക്കിടെ, അത് ശരിവെക്കുന്ന തരത്തിലുള്ള വിഡിയോകളും പുറത്തുവരുന്നുണ്ട്. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിനു പിന്നാലെ ഹോട്ടലിൽ ടീം അംഗങ്ങൾക്ക് വിജയാഘോഷം ഒരുക്കിയിരുന്നു.
ലോബിയിൽ ഹോട്ടൽ ജീവനക്കാർക്കും ആരാധകർക്കുമൊപ്പം നായകൻ കെ.എൽ. രാഹുൽ കേക്ക് മുറിച്ചാണ് ടീമിന്‍റെ വിജയാഘോഷം നടത്തിയത്. കേക്ക് മുറിക്കുന്നതിനിടെ കോഹ്ലി സ്ഥലത്തെത്തിയെങ്കിലും ആഘോഷത്തിൽ പങ്കാളിയായില്ല. സമീപത്തുള്ളവര്‍ നിര്‍ബന്ധിച്ചിട്ടും കൈ കൊണ്ട് ഇല്ലെന്ന് പറഞ്ഞ് താരം നേരെ ലിഫ്റ്റിന്‍റെ ഭാഗത്തേക്ക് നടന്നുനീങ്ങുന്നത് കാണാം. ഹോട്ടൽ ജീവനക്കാരും ആരാധകരും കൂടിനിൽക്കെയാണ് കോഹ്ലി കടന്നുപോകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. താരത്തിന്‍റെ പെരുമാറ്റം കൂടിനിന്നവരെയും അത്ഭുതപ്പെടുത്തി.
താരം എന്തുകൊണ്ടാണ് ആഘോഷത്തിൽ പങ്കെടുക്കാത്തതെന്ന് വ്യക്തമല്ല. ഈ സമയം ആഘോഷത്തിലൊന്നും ശ്രദ്ധിക്കാതെ രോഹിത്തും ഗംഭീറും ലോബിയിൽ കാര്യമായ ചർച്ചയിലായിരുന്നു. ഗംഭീറും സീനിയർ താരങ്ങളായ കോഹ്‍ലിയും രോഹിത്തും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയുള്ളതാണ് വിഡിയോ. ചീഫ് സെലക്ടർ അജിത് അഗാർക്കാറും രോഹിതും തമ്മിൽ മിണ്ടിയിട്ടും ദിവസങ്ങളായി. ഗംഭീറിനോട് വളരെക്കുറച്ച് മാത്രമാണ് കോഹ്ലി സംസാരിക്കുന്നത്.
റാഞ്ചി ഏകദിന മത്സരത്തിനു പിന്നാലെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ അവിടെയുണ്ടായിരുന്ന ഗംഭീറിന്‍റെ മുഖത്തുപോലും നോക്കാതെ കോഹ്ലി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മത്സരശേഷം ഗംഭീറും രോഹിത്തും തമ്മിലുള്ള ചൂടേറിയ ചർച്ചയുടെ ദൃശ്യങ്ങളും പ്രചരിഹിക്കുന്നുണ്ട്. റോൾ മോഡലുകളായ സീനിയർ താരങ്ങളും കോച്ചും തമ്മിലെ ഭിന്നതക്കിടയിൽ ഒറ്റപ്പെട്ടപോലെയായത് ജൂനിയർ താരങ്ങളാണ്. ദീർഘകാലത്തെ ഇടവേളക്കു ശേഷം ആസ്ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു രോഹിതും കോഹ്‍ലിയും ടീം ഇന്ത്യക്കായി കളത്തിലിറങ്ങിയത്. 73, 121 നോട്ടൗട്ട്, 57 റൺസുകളുമായി രോഹിതും, 74, 135 റൺസുമായി കോഹ്‍ലിയും ആരാധക കൈയടി നേടി.
താരങ്ങളും ഗംഭീറും തമ്മിലുള്ള പ്രശ്നങ്ങൾ തീർത്ത്, ടീമിൽ ഐക്യം തിരികെയെത്തിക്കാൻ ബി.സി.സി.ഐയും ശ്രമം തുടങ്ങി. ഇരുവരുടെയും ഭാവിയിൽ വ്യക്തത വരുത്തുന്നതിനായി പരമ്പരയിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കിടയിൽ ബോർഡ് യോഗവും വിളിക്കുന്നതായാണ് സൂചന. ചീഫ് സെലക്ടറും, കോച്ചുമായുള്ള കൂടികാഴ്ചയിൽ 2027 ലോകകപ്പിലെ ഭാവിയും, ഏകദിന ടീമിലെ ഇവരുടെ റോളും എന്തെന്നതിൽ വ്യക്തത വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

