ഇടവേളക്കുശേഷം ട്വന്‍റി20യിൽ; ടോസിനിടെ സഹതാരത്തിന്‍റെ പേര് മറന്ന് രോഹിത്! പൊട്ടിച്ചിരി...
text_fieldsമൊഹാലി: കുട്ടിക്രിക്കറ്റിൽ 14 മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുന്നത്. 2022ലെ ട്വന്‍റി20 ലോകകപ്പിലാണ് ഹിറ്റ്മാൻ അവസാനമായി കളിച്ചത്. അന്ന് സെമി ഫൈനലിൽ ഇന്ത്യ തോറ്റ് പുറത്തായിരുന്നു.
മൊഹാലി സ്റ്റേഡിയത്തിൽ ടോസിനായി ഗ്രൗണ്ടിലിറങ്ങിയ താരത്തെ നിറകൈയടികളോടെയും ആർപ്പുവിളികളോടെയുമാണ് ആരാധകർ വരവേറ്റത്. അഫ്ഗാനിസ്താൻ നായകൻ ഇബ്രാഹിം സദ്രനൊപ്പമാണ് താരം ഗ്രൗണ്ടിലെത്തിയത്. ടോസ് നേടിയ രോഹിത് ബൗളിങ് തെരഞ്ഞെടുത്തു. എന്നാൽ, ടോസ് നിയന്ത്രിച്ച മുരളി കാർത്തിക് ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് ചോദിച്ചപ്പോഴാണ് രോഹിത് ശരിക്കും രോഹിത്തായത്!
കളിക്കുന്ന താരങ്ങളുടെ പേര് പോലും രോഹിത്തിന് കൃത്യമായി ഓർമയില്ല. പ്ലെയിങ് ഇലവനിൽ ഇടംലഭിക്കാത്ത താരങ്ങളുടെ പേര് പറയുമ്പോഴാണ് താരത്തിന് ഓർമ പിശകുണ്ടായത്. മലയാളി താരം സഞ്ജു സാംസൺ, അവേശ് ഖാൻ എന്നിവരുടെ പേരുകൾ കൃത്യമായി പറഞ്ഞെങ്കിലും മൂന്നാമത്തെ താരത്തിന്‍റെ പേര് ഓർത്തെടുക്കാൻ രോഹിത് ഏറെ പാടുപ്പെട്ടു. ഇത് ഗാലറിയിൽ ചിരിപടർത്തി. രോഹിത്തിനും ചിരിയടക്കാനായില്ല. ഏറെ സമയമെടുത്താണ് യശസ്വി ജയ്സാളിന്‍റെ പേരും പിന്നാലെ കുൽദീപ് യാദവിന്‍റെ പേരും താരം പറയുന്നത്.
ടോസിന്‍റെ സമയത്ത് ഇത് ആദ്യമായല്ല രോഹിത്തിന് അബദ്ധം പിണയുന്നത്. കഴിഞ്ഞ വർഷം റായ്പൂരിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ ടോസ് നേടിയശേഷം എന്ത് തെരഞ്ഞെടുക്കണം എന്നതിൽ താരം ഏറെനേരെ ആലോചിക്കുന്നതിന്‍റെ വിഡിയോ വൈറലായിരുന്നു.
രോഹിത് ശർമയുടെ തിരിച്ചുവരവിനു പുറമെ ഏറെക്കാലത്തിനുശേഷം ശിവം ദുബെയും ടീമിൽ തിരിച്ചെത്തി. വാഷിങ്ടൺ സുന്ദറും ഇടവേളക്കുശേഷം ടി20 സംഘത്തിൽ ഇടംകണ്ടെത്തി. ഓൾറൗണ്ടർമാർ ഉൾപ്പെടെ മൂന്ന് സ്പിന്നർമാരാണ് ഇലവനിലുള്ളത്. സ്‌പെഷലിസ്റ്റ് പേസർമാരായി അർശ്ദീപ് സിങ്ങും മുകേഷ് കുമാറും മാത്രം.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർശ്ദീപ് സിങ്, മുകേഷ് കുമാർ.
അഫ്ഗാനിസ്താൻ ടീം: റഹ്മനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, അസ്മത്തുല്ല ഒമർസായ്, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, ഗുലാബുദ്ദീൻ നായിബ്, കരീം ജന്നത്ത്, ഫസൽഹഖ് ഫാറൂഖി, നവീനുൽ ഹഖ്, മുജീബുറഹ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

