ചരിത്രം കുറിച്ച് രോഹിത്; സചിന്‍റെ റെക്കോഡ് മറികടന്നു; നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം...
text_fieldsകട്ടക്ക്: മോശം പ്രകടനത്തിന്‍റെ പേരിൽ തന്നെ വിമർശിച്ചവരെ തകർപ്പൻ സെഞ്ച്വറി കൊണ്ടാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ നിശ്ശബ്ദമാക്കിയത്. 487 ദിവസത്തിനുശേഷമാണ് താരം ഒരു സെഞ്ച്വറി നേടുന്നത്.
കട്ടക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 90 പന്തിൽ 119 റൺസെടുത്താണ് താരം പുറത്തായത്. കരിയറിലെ 32ാം സെഞ്ച്വറി. നായകന്‍റെ സെഞ്ച്വറി കരുത്തിൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏഴു സിക്സും 12 ഫോറുമടങ്ങുന്നതാണ് രോഹിത്തിന്‍റെ ഇന്നിങ്സ്. ആദിൽ റഷീദിന്‍റെ പന്ത് ലോങ് ഓഫിലേക്ക് സിക്സർ പറത്തിയാണ് താരം മൂന്നക്കത്തിലെത്തിയത്, അതും 76 പന്തിൽ. താരത്തിന്‍റെ കരിയറിലെ രണ്ടാമത്തെ വേഗതയേറിയ ഏകദിന സെഞ്ച്വറിയാണിത്.
2023 ഒക്ടോബർ 11ന് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് രോഹിത് അവസാനമായി ഏകദിനത്തിൽ സെഞ്ച്വറി നേടിയത്. 32 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ താരം, അടുത്ത 44 പന്തിലാണ് മൂന്നക്കം കടന്നത്. സ്ട്രൈക്ക് റേറ്റ് 132.22. 30 വയസ്സായശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്നു ഫോർമാറ്റിലുമായി രോഹിത് നേടുന്ന 36ാമത്തെ സെഞ്ച്വറിയാണ് കട്ടക്കിൽ കുറിച്ചത്. ഇതോടെ 30 വയസ്സിനുശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഹിറ്റ്മാൻ സ്വന്തമാക്കി. 35 സെഞ്ച്വറികളുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. 30 വയസ്സിനുശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ലോക റെക്കോഡും താരത്തിന്‍റെ പേരിലായി. 22 സെഞ്ച്വറികൾ. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ തിലകരത്നെ ദിൽശൻ, സനത് ജയസൂര്യ (21 സെഞ്ച്വറികൾ വീതം) എന്നിവരെയാണ് താരം മറികടന്നത്.
ഏകദിനത്തിലെ 22 സെഞ്ച്വറികൾക്കു പുറമെ, ടെസ്റ്റിൽ 10 സെഞ്ച്വറികളും ട്വന്‍റി20യിൽ നാലു സെഞ്ച്വറികളും നേടിയത് 30 വയസ്സായശേഷമാണ്, കൃത്യമായി പറഞ്ഞാൽ 2017 ഏപ്രിൽ 30നുശേഷം. കുമാർ സംഗക്കാരയാണ് 30 വയസ്സിനുശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയത്, 43 സെഞ്ച്വറികൾ. കട്ടക്കിൽ രോഹിത് നേടിയത് താരത്തിന്‍റെ 49ാം അന്താരാഷ്ട്ര സെഞ്ച്വറി കൂടിയാണ്.
വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. 331 സിക്സുകളുമായി ഗെയ്‍ലിനൊപ്പമായിരുന്നു രോഹിത്ത്. മത്സരത്തിൽ നേടിയ ഏഴു സിക്സുകളോടെ രോഹിത്തിന്‍റെ ഏകദിനത്തിലെ സിക്സുകളുടെ എണ്ണം 338 ആയി. ഗെയിൽ ഏകദിന ക്രിക്കറ്റിൽനിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്. മുൻ പാകിസ്താൻ നായകൻ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 398 മത്സരങ്ങളിൽനിന്ന് 351 സിക്സുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

