'മുംബൈയുടെ നല്ല കാലവും മോശം കാലവും കണ്ടവൻ'; പരിശീലക സ്ഥാനത്തേക്ക് പൊള്ളാർഡിനേക്കാൾ മികച്ചൊരാളില്ലെന്ന് രോഹിത് ശർമ
text_fieldsമുംബൈ: ഐ.പി.എല്ലിൽ പ്രതാപകാലത്തേക്ക് തിരിച്ചെത്താനുള്ള മുംബൈ ഇന്ത്യൻസിന്റെ ശ്രമങ്ങളിൽ പുതിയ മുഖ്യ പരിശീലകൻ കീറൺ പൊള്ളാർഡിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് നായകൻ രോഹിത് ശർമ. ടീമിന്റെ സംസ്കാരവും ഓരോ താരത്തിന്റെയും ഉത്തരവാദിത്തവും അടുത്തറിഞ്ഞ വ്യക്തിയാണ് പൊള്ളാർഡെന്നും നിലവിലെ സാഹചര്യത്തിൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലക ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തേക്കാൾ അനുയോജ്യനായ മറ്റൊരാളില്ലെന്നും രോഹിത് പറഞ്ഞു.
കഴിഞ്ഞ ഏതാനും സീസണുകളിൽ മുംബൈയുടെ ബാറ്റിങ് പരിശീലകനായിരുന്ന മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ 2027ലെ ഐ.പി.എല്ലിലാണ് മുഖ്യ പരിശീലകന്റെ ചുമതലയേൽക്കുന്നത്. മൂന്ന് വർഷത്തെ ഇടവേളക്കുശേഷം രോഹിത് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ മുംബൈയുടെ സുവർണകാലത്ത് ഒരുമിച്ച് കളിച്ച ഇരുവരും വീണ്ടും ടീമിന്റെ നേതൃത്വത്തിലെത്തുകയാണ്.
'മുംബൈ ഇന്ത്യൻസിന്റെ ഇതിഹാസ താരമാണ് പൊള്ളാർഡ്. അതിൽ യാതൊരു സംശയവുമില്ല. വർഷങ്ങളോളം ഏറ്റവും പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ രക്ഷിച്ചിട്ടുള്ള താരമാണ് അദ്ദേഹം' -അഭിമുഖത്തിൽ രോഹിത് പറഞ്ഞു.
മുംബൈ ഇന്ത്യൻസിനായി കളിക്കുകയെന്നതിന്റെ പ്രാധാന്യം പൊള്ളാർഡിന് നന്നായി അറിയാമെന്നും കളിക്കാരനായിരുന്ന കാലത്ത് ഡ്രസിങ് റൂമിൽ സഹതാരങ്ങളോട് അദ്ദേഹം ഇക്കാര്യം നിരന്തരം സംസാരിച്ചിരുന്നുവെന്നും രോഹിത് ഓർമിപ്പിച്ചു.
2022, 2024, 2026 സീസണുകളിൽ പോയന്റ് പട്ടികയുടെ താഴെത്തട്ടിലായിരുന്നു മുംബൈ ഇന്ത്യൻസിന്റെ സ്ഥാനം. ഈ സാഹചര്യത്തിൽ ടീമിനെ തിരിച്ചുവരവിലേക്ക് നയിക്കാൻ പൊള്ളാർഡിന്റെ അനുഭവസമ്പത്ത് സഹായകമാകുമെന്നാണ് രോഹിത്തിന്റെ വിശ്വാസം.
'ടീം ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ അതിന്റെ ചുമതല ഏറ്റെടുക്കാൻ അദ്ദേഹത്തേക്കാൾ മികച്ച മറ്റൊരാളില്ല. ഈ ടീമിനൊപ്പം എല്ലാം അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് പൊള്ളാർഡ്. ഏറ്റവും നല്ല കാലവും ഏറ്റവും മോശം കാലവും അദ്ദേഹം കണ്ടിട്ടുണ്ട്' -രോഹിത് വ്യക്തമാക്കി.
കളിക്കാരനെന്ന നിലയിൽ ദീർഘകാലം മുംബൈയുടെ ഭാഗമായിരുന്നതിനാൽ താരങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും പൊള്ളാർഡിന് കഴിയുമെന്ന് രോഹിത് വിലയിരുത്തുന്നു. പഴയ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ ഐ.പി.എല്ലിൽ വീണ്ടും കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്.

