‘തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു, നിങ്ങളുടെ പിന്തുണക്ക് കടപ്പെട്ടവനായിരിക്കും’, അപകടത്തിന് ശേഷം ഋഷബ് പന്തിന്റെ ആദ്യ ട്വീറ്റ്
text_fieldsമുംബൈ: കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ട്വീറ്റ്. അപകടത്തിന് ശേഷം ആദ്യമായാണ് താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചുവരവിലേക്കുള്ള പാതയിലാണെന്ന് അദ്ദേഹം കുറിച്ചു. അപകടത്തില്‍ വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്റിനും പരിക്കേറ്റിരുന്നു.
‘‘നിങ്ങളുടെ പിന്തുണക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനായിരിക്കും. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായ വിവരം നിങ്ങളെ അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികളും നേരിടാന്‍ ഞാന്‍ തയാറാണ്'', എന്നിങ്ങനെയാണ് ട്വീറ്റിൽ കുറിച്ചത്. ബി.സി.സി.ഐക്കും സെക്രട്ടറി ജയ് ഷാക്കും സര്‍ക്കാര്‍ അധികൃതർക്കും ആരാധകർക്കും ടീമംഗങ്ങൾക്കും ഡോക്ടർമാർക്കും ഫിസിയോകൾക്കുമെല്ലാം താരം നന്ദി അറിയിച്ചു. എല്ലാവരെയും മൈതാനത്ത് കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് പന്തിന് ഗുരുതര പരിക്കേറ്റത്. സെപ്റ്റംബറിലെ ഏഷ്യാ കപ്പും ഒക്ടോബറിലെ ഏകദിന ലോകകപ്പും 2023ലെ ഐ.പി.എല്ലുമെല്ലാം താരത്തിന് നഷ്ടമായേക്കും.

