ഋഷഭ് പന്ത് ലോറസ് പുരസ്കാര ചുരുക്കപട്ടികയിൽ; ലമീൻ യമാൽ, സിമോൺ ബൈൽസ് എന്നിവരും പട്ടികയിൽ
text_fieldsമഡ്രിഡ്: പ്രശസ്തമായ ലോറസ് വേൾഡ് കംബാക്ക് പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും രണ്ടു വർഷത്തെ ചികിത്സക്കും വിശ്രമത്തിനുശേഷം ക്രിക്കറ്റ് മൈതാനത്തേക്ക് ആത്മവിശ്വാസത്തോടെ മടങ്ങിയെത്തിയതാണ് താരത്തിന് ചുരുക്ക പട്ടികയിൽ ഇടംനേടികൊടുത്തത്.
പന്തിനൊപ്പം അഞ്ചു അന്താരാഷ്ട്ര പ്രശസ്ത കായിക താരങ്ങളും പട്ടികയിലുണ്ട്. ബ്രസീൽ ജിംനാസ്റ്റിക് താരം റബേക ആന്ദ്രാഡെ, യു.എസ് നീന്തൽ താരം കേലെബ് ഡ്രെസ്സൽ, സ്വിറ്റ്സർലൻഡ് സ്കൈയിങ് ലാറ ഗട്ട്-ബെഹറാമി, സ്പെയിൻ മോട്ടോർ സൈക്ലിങ് താരം മാർക് മാർക്വേസ്, ആസ്ട്രേലിയൻ നീന്തൽ താരം അരിയാർനെ ടിറ്റ്മസ് എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങൾ. ലോകത്തെ എല്ലാ കായിക ഇനങ്ങളിലെയും ശ്രദ്ധേയ പ്രകടനങ്ങൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ലോറസ് പുരസ്കാരം നൽകുന്നത്.
ഇന്ത്യയിൽ നിന്നു ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ മാത്രമാണ് ഈ പുരസ്കാരം നേടിയത്. 2020ൽ ലോറസ് സ്പോർട്ടിങ് മൊമന്റ് വിഭാഗത്തിൽ ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് സചിന് പുരസ്കാരം ലഭിച്ചത്. ലോറസ് വേൾഡ് സ്പോർട്ട് പുരസ്കാരത്തിന്‍റെ സിൽവർ ജൂബിലി വർഷമാണ് ഇത്തവണ. ഏപ്രിൽ 21ന് മഡ്രിഡിലാണ് വ്യത്യസ്ത വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
ക്രിക്കറ്റ് മൈതാനത്തേക്കുള്ള പന്തിന്‍റെ തിരിച്ചുവരവ് കായിക ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. 2020 ഡിസംബറിലാണ് പന്ത് സഞ്ചരിച്ച കാർ ഡൽഹി-ഡെറാഡൂൺ ദേശീയപാതയിൽ അപകടത്തിൽപെടുന്നത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ കത്തിയെങ്കിലും പന്തിനെ വഴിയാത്രക്കരിലൊരാൾ രക്ഷപ്പെടുത്തുകയായിരുന്നു. താരത്തിന്‍റെ ക്രിക്കറ്റ് കരിയർ ഏറെക്കുറെ അവസാനിച്ചെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് പരിക്കിൽനിന്ന് മുക്തനായി വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 635 ദിവസത്തെ ഇടവേളക്കുശേഷം ബംഗ്ലാദേശിനെതിരെ ടെസ്റ്റ് കളിക്കാനിറങ്ങിയ താരം സെഞ്ച്വറി നേടിയാണ് തന്‍റെ രണ്ടാംവരവറിയിച്ചത്.
സ്പാനിഷ് ഫുട്ബാളിലെ കൗമാര താരം ലമീൻ യമാൽ, അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ്, ടെന്നീസ് താരം കാർലോസ് അൽകാരസ്, ഫോർമുല വൺ ചാമ്പ്യൻ മാക്സ് വേസ്തപ്പൻ എന്നിവരും വ്യത്യസ്ത വിഭാഗങ്ങളിൽ ചുരുക്കപട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

