ഐ.പി.എല്ലിലെ ‘വഞ്ചകരുടെയും തട്ടിപ്പുകാരുടെയും ടീം’ നായകനായി ഋഷഭ് പന്ത്! സൂപ്പർതാരത്തെ ട്രോളി ഐസ്‌ലന്‍ഡ് ക്രിക്കറ്റ്
text_fieldsഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്‍റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വൈറൽ.
താരങ്ങളുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ഐ.പി.എല്ലിലെ ഏറ്റവും വലിയ ഫ്ലോപ്പ് ഇലവനെ തെരഞ്ഞെടുത്ത പരിഹാസ പോസ്റ്റാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഐ.പി.എല്ലിലെ വഞ്ചകരുടെയും തട്ടിപ്പുകാരുടെയും ടീം’ എന്ന പേരിലാണ് ടീമിനെ തെരഞ്ഞെടുത്തത്. ടീമിന്‍റെ നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ തെരഞ്ഞെടുത്തതാണ് ഏറെ രസകരം.
ഐ.പി.എല്ലിലെ വില കൂടിയ താരമായ പന്തിന് സീസണിൽ ഇതുവരെ തിളങ്ങാനായിട്ടില്ല. 27 കോടി രൂപക്ക് ലഖ്നോ ടീമിലെത്തിയ താരം, 11 ഇന്നിങ്സുകളിൽനിന്ന് 128 റണ്‍സ് മാത്രമാണ് നേടിയത്. 12 പേരുള്ള ടീമിൽ അഞ്ചു താരങ്ങൾ ചെന്നൈ സൂപ്പർ കിങ്സിൽനിന്നാണ്. സൺ റൈസേഴ്സ് ഹൈദരാബാദിന്‍റെ രണ്ടു താരങ്ങളും ഡൽഹി കാപിറ്റൽസ്, പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നോ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളിൽനിന്ന് ഓരോ താരങ്ങളും ഫ്ലോപ്പ് ടീമിലുണ്ട്.
കൊൽക്കത്ത 23.75 കോടി രൂപക്ക് സ്വന്തമാക്കിയ വെങ്കടേഷ് അയ്യരും പ്ലെയിങ് ഇലവനിലുണ്ട്. ചെന്നൈയുടെ രാഹുൽ ത്രിപാഠിയും രചിൻ രവീന്ദ്രയുമാണ് ഓപ്പണർമാർ. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും നാലാമതായി പന്തും. മധ്യനിരയിൽ വെങ്കടേഷ്, ഗ്ലെൻ മാക്സ് വെൽ, ലിയാം ലിവിങ്സ്റ്റൺ എന്നിവരാണ്. ഫിനിഷറായി ദീപക് ഹൂഡ ഇടംനേടി. സ്പെഷലിസ്റ്റ് സ്പിന്നർ ആർ. അശ്വിൻ, പേസർമാരായി മതീഷ പതിരന, മുഹമ്മദ് ഷമി എന്നിവൾ ഉൾപ്പെടുന്നതാണ് ബൗളിങ് ലൈനപ്പ്. ഡൽഹിയുടെ മുകേഷ് കുമാറാണ് 12ാമത്തെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

