പതിയെ നടന്ന് പന്ത് ക്രീസിൽ; കൈയടിച്ച് ആരാധകർ
text_fieldsടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റ് ചെയ്യാനെത്തുന്ന ഋഷഭ് പന്ത്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ബാറ്റിങ്ങിനിടെ പരിക്കേറ്റ് പുറത്തായ ഇന്ത്യയുടെ ഋഷഭ് പന്ത് വീണ്ടും ക്രീസിലെത്തി. കഴിഞ്ഞ ദിവസം ബാറ്റിങ്ങിനിടെ ക്രിസ് വോക്സിന്റെ യോർക്കർ നേരിടാനുള്ള ശ്രമത്തിനിടെയായിരുന്നു പരിക്ക്. കാലിന് നീരു വന്നതോടെ ബാറ്റിങ് തുടരാൻ സാധിക്കാതായ താരം ഗോൾഫ് കാർട്ടിലാണ് ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. ഈ ടെസ്റ്റിൽ തിരിച്ചുവരവ് അസാധ്യമെന്നുറപ്പിച്ചടത്തു നിന്നും രണ്ടാം ദിനം പാഡണിഞ്ഞ്, ബാറ്റുമേന്തി പന്ത് വീണ്ടു ഗ്രൗണ്ടിലെത്തിയപ്പോൾ നിലക്കാത്ത കൈയടിയും ആഘോഷവുമായി ആരാധകർ വരവേറ്റു.
നാലിന് 264 റൺസ് എന്ന നിലയിൽ രണ്ടാം ദിനം രവീന്ദ്ര ജദേജയും (19), ഷർദുൽ ഠാകുറും (19) ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന് തുടക്കം കുറിച്ചു. രണ്ടാം ഓവറിൽ തന്നെ ജദേജയെ ജൊഫ്ര ആർച്ചർ പുറത്താക്കുമ്പോൾ ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. പിന്നാലെയെത്തിയത് വാഷിങ്ടൺ സുന്ദർ. ഇരുവരും സ്കോർ പതിയെ ചലിപ്പിക്കുന്നതിനിടെ 102ാം ഓവറിൽ ഷർദുലിനെ (41) ബെൻ സ്റ്റോക്സ് വീഴ്ത്തി.
ഇതോടെയാണ് നീരുവെച്ച കാലിലെ വേദനകൾ കടിച്ചമർത്തി, പന്ത് വീണ്ടും ക്രീസിലേക്ക് എത്തിയത്. ഓൾഡ്ട്രഫോഡിലെ പടികൾ ഇറങ്ങി വരുന്ന പന്തിനെ ഇംഗ്ലീഷ് കാണികൾ ഉൾപ്പെടെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിച്ചു. തലേദിനം 37 റൺസുമായി പരിക്കേറ്റ് മടങ്ങിയ പന്തിന്റെ പോരാട്ടം വീര്യത്തിനുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകർ. ഉച്ച പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

