ഗിൽക്രിസ്റ്റല്ല, അതുക്കുംമേലെ! മികച്ച ബാറ്റർമാരുമായാണ് പന്തിനെ ഉപമിക്കേണ്ടതെന്ന് ആർ. അശ്വിൻ
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ടെണ്ടുൽക്കർ-ആൻഡേഴ്സൺ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തകർപ്പൻ ഫോമിലാണ്. ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ താരം, എഡ്ജ്ബാസ്റ്റണിൽ ഒരു അർധശതകവും നേടിയിരുന്നു. ടെസ്റ്റ് കരിയറിൽ ഹ്രസ്വകാലം കൊണ്ടുതന്നെ ഒട്ടനവധി റെക്കോഡുകളാണ് താരം സ്വന്തം പേരിലാക്കിയത്.
ആൻഡി ഫ്ലവറിനുശേഷം ഒരു ടെസ്റ്റിൽ രണ്ടു ഇന്നിങ്സുകളിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് പന്ത്. ഏത് സാഹചര്യങ്ങളിലും സമ്മർദമില്ലാതെ കളിക്കാനാകുമെന്നതാണ് പന്തിനെ മറ്റു താരങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത്. തകർപ്പൻ പ്രകടനം നടത്തുമ്പോഴും പന്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. പന്ത് ആക്രമണ ക്രിക്കറ്റ് തന്നെ കളിക്കണമെന്നാണ് അശ്വിന്‍റെ വാദം. എന്നാൽ, ആവശ്യമുള്ള സാഹചര്യങ്ങളിൽ അത് നിയന്ത്രിക്കാൻ താരത്തിന് കഴിയണമെന്നും മുൻ ഇന്ത്യൻ താരം പറയുന്നു.
‘ഋഷഭ് പന്ത് അദ്ദേഹത്തിന്‍റെ കഴിവ് പൂർണമായും പുറത്തെടുക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു. ബാറ്റിങ് വിരുന്നൊരുക്കണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ തന്നെ ആവശ്യമുള്ള സമയങ്ങളിൽ അത് നിയന്ത്രിക്കാനും താരത്തിന് കഴിയണം. പന്ത് ഇപ്പോൾ ഒരു പുതുമുഖ താരമല്ല. പന്ത് അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയർന്നുവരാനാണ് ആഗ്രഹിക്കുന്നത്’ -അശ്വിൻ അദ്ദേഹത്തിന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പന്തിനെ മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഗിൽ ക്രിസ്റ്റിനോട് ഉപമിക്കുന്നതിനോടും അശ്വിന് യോജിപ്പില്ല. ഓസീസ് ഇതിഹാസത്തേക്കാൾ ഉയർന്ന നിലവാരം പന്തിനുണ്ടെന്നാണ് അശ്വിൻ പറയുന്നത്.
‘പന്തിന് മികച്ച നിലയിൽ പ്രതിരോധിച്ചുകളിക്കാനാകും, ഗിൽക്രിസ്റ്റിന് അതിനുള്ള കഴിവില്ല; അതിനാൽ അദ്ദേഹത്തെ മികച്ച ബാറ്റർമാരുമായി മാത്രമേ താരതമ്യം ചെയ്യാവൂ’ -അശ്വിൻ കൂട്ടിച്ചേർത്തു. നേരത്തെ, എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ പന്ത് ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന വിസിറ്റിങ് ബാറ്ററെന്ന നേട്ടമാണ് പന്ത് കൈവരിച്ചത്. രണ്ടാം ഇന്നിങ്സിൽ ജോഷ് ടോങ്ങിന്‍റെ പന്ത് ഗാലറിയിലെത്തിച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 22 സിക്സുകളാണ് താരം ഇതുവരെ നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 21 സിക്സുകൾ നേടിയ ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സിനെയാണ് താരം മറികടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

