ഋഷഭ് പന്തിന്‍റെ കാർ ഡിവൈഡറിലിടിച്ച് തീപിടിച്ചു; താരത്തിന് പരിക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ സാരമായ പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അപകടനില തരണം ചെയ്തു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമായിരുന്നു അപകടം. ഋഷഭ് പന്ത് ഓടിച്ച മെഴ്സിഡസ് ബെൻസ് എസ്.യു.വി വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
തലക്കും കാലിനും കൈക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്. പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) വാർത്ത കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ച 5.30ഓടെയാണ് അപകടമുണ്ടായതെന്ന് ഡി.ജി.പി അശോക് കുമാർ പറഞ്ഞു.
ആദ്യം റൂർക്കിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി ഡെറാഡൂണിലേക്ക് മാറ്റുകയായിരുന്നു. നെറ്റിയിലും ഇടതു കണ്ണിന്റെ മുകളിലും കാൽമുട്ടിലും പുറത്തും പരിക്കേറ്റിട്ടുണ്ടെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. സുശീൽ നാഗർ പറഞ്ഞു.
25കാരനായ ഇന്ത്യൻ താരം ഡൽഹിയിൽ നിന്ന് റൂർക്കിയിലെ വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെയാണ് അപകടം. ഉറങ്ങിപ്പോയതാണ് അപകട കാരണം. പുതുവർഷം കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനായാണ് റൂർക്കിയിലേക്ക് തിരിച്ചത്. ശ്രീലങ്കക്കെതിരെ ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി 20, ഏകദിന പരമ്പരകളിൽ പന്ത് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

