'ഈ കളി നിങ്ങളെ വലിച്ച് താഴെയിടും പിന്നീട് ഉയർത്തും പിന്നെയും താഴെയിടും..'; ആദ്യ ടെസ്റ്റിന് ശേഷം പ്രചോദനമായി ഋഷഭ് പന്തിന്‍റെ വാക്കുകൾ
text_fieldsന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് തോൽവിക്ക് ശേഷം ആവേശമുണർത്തുന്ന വാക്കുകളുമായി ഋഷഭ് പന്ത്. ഒരുപാട് ഉയർച്ച താഴ്ചകളുണ്ടായിരുന്ന മത്സരം അവസാന ദിനം എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽb. ക്രിക്കറ്റ് എന്ന കളി നിങ്ങളെ ഒരുപാട് പരീക്ഷിക്കുമെന്നും അതിന് നിങ്ങളെ വലിച്ച് താഴെ ഇടാനും പിന്നീട് നിങ്ങളെ ഉയർത്തുവാനും സാധിക്കുമെന്നും പന്ത് പറയുന്നു. മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിലാണ് പന്ത് പോസ്റ്റ് ഷെയർ ചെയ്തത്.
'ഈ കളി നിങ്ങളുടെ പരിധികളെ പരീക്ഷിക്കും. ചിലപ്പോൾ നിങ്ങളെ വലിച്ച് താഴെയിടം. എന്നിട്ട് നിങ്ങളെ ഉയർത്തും പിന്നെ ദൂരേക്ക് വലിച്ചെറിയും. എന്നാൽ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ശക്തമായി തിരിച്ചുവരും. ബംഗളൂരുവിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിന്തുണച്ച, ആവേശം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. ഞങ്ങൾ ശക്തമായി തിരിച്ചുവരും,' പന്ത് എക്സിൽ കുറിച്ചു.
മികച്ച ബാറ്റിങ്ങായിരുന്നു പന്ത് രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി കാഴ്ചവെച്ചത്. 105 പന്ത് നേരിട്ടുകൊണ്ട്. ഒമ്പത് ഫോറും അഞ്ച് സിക്സറുമടിച്ച് 99 റൺസാണ് വിക്കറ്റ് കീപ്പർ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 356 റൺസിന്‍റെ ലീഡ് നേടിയിരുന്നു പിന്നീട് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരുടെ ചെറുത്ത് നിൽപ്പിൽ 462 റൺസ് നേടിയിരുന്നു. 107 റൺസായിരുന്നു ന്യൂസിലാൻഡിന് അവസാന ദിനം വേണ്ടിയിരുന്നത്. എന്നാൽ ഇത് ന്യൂസിലാൻഡ് എളുപ്പം മറികടന്നു.
പുനെയിൽ വെച്ചാണ് പരമ്പരയിലെ രണ്ടാം മത്സരം. ഒക്ടോബർ 24നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

