'മറ്റുള്ളവർ എന്ത് പറയുന്നു എന്ന് എനിക്കറിയേണ്ട, ഞാൻ കണ്ട ഏറ്റവും മികച്ച താരം അദ്ദേഹമാണ്'-റിക്കി പോണ്ടിങ്
text_fieldsക്രിക്കറ്റിൽ താൻ കണ്ട ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് ആസ്ട്രേലിയൻ ഇതിഹാസ നായകൻ റിക്കി പോണ്ടിങ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഓൾറൗണ്ടർ ജാക്വസ് കാലിസാണ് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് പോണ്ടിങ് പറഞ്ഞു. മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് താൻ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ജാക്വസ് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരൻ. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്നമല്ല, ടെസ്റ്റ് ക്രിക്കറ്റിൽ 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ചുറികളും 300ൽ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ?. 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും. എന്നാല്‍ ഇത് രണ്ടുമുള്ള ഒരാളെയുള്ളു, അത് കാലിസാണ്. ക്രിക്കറ്ററാകാന്‍ ജനിച്ചയാളാണ് കാലിസ്.
ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിങ് മികവുകൊണ്ടും കാലിസ് മികവ് കാട്ടിയിട്ടുണ്ട്. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്‍റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒതുങ്ങികൂടുന്ന കാലിസിന്‍റെ വ്യക്തിത്വം കൊണ്ട് മാധ്യമങ്ങളാല്‍ അദ്ദേഹം ഒരുപാട് ആഘോഷിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും എളുപ്പത്തിൽ എല്ലാവരും മറന്നുകളയുന്നുണ്ട്,' പോണ്ടിങ് പറഞ്ഞു.
19 വർഷത്തോളം ക്രിക്കറ്റിൽ സജീവമായ കാലിസ് 166 ടെസ്റ്റ് മത്സരവും 328 ഏകദിനവും ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചു. ഏകദിനത്തിൽ 11,579 റൺസ് നേടിയ താരം റൺവേട്ടക്കാരിൽ എട്ടാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റിൽ 13,289 റൺസ് സ്വന്തമാക്കി ഉയർന്ന റൺനേട്ടക്കാരിൽ മൂന്നാമതാണ് കാലിസ്. ടെസ്റ്റില്‍ 292 വിക്കറ്റുകളും ഏകദിനങ്ങളില്‍ 273 വിക്കറ്റുകളും സ്വന്തമാക്കിയ കാലിസ് ടി20 ക്രിക്കറ്റില്‍ 12 വിക്കറ്റുകളും സ്വന്തമാക്കി. 519 അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത താരം ടെസ്റ്റിലെ 200ന് മുകളിലുള്ള ക്യാച്ചുകളടക്കം 338 ക്യാച്ചുകളും സ്വന്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.