കോഹ്ലിയോ രോഹിത്തോ അല്ല! ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഹീറോകളെ വെളിപ്പെടുത്തി മുൻ ഓസീസ് നായകൻ
text_fieldsമുംബൈ: ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ഓൾ റൗണ്ടർമാരുടെ തകർപ്പൻ പ്രകടനമാണ് വലിയ പങ്കുവഹിച്ചതെന്ന് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. സൂപ്പർ താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും അനുഭവപരിചയം മുതൽക്കൂട്ടായെന്ന് സമ്മതിക്കുമ്പോഴും, ഓൾ റൗണ്ടർമാരുടെ പങ്കാണ് പോണ്ടിങ് പ്രത്യേകം എടുത്തുപറയുന്നത്.
ദുബൈയിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്. ടൂർണമെന്‍റിലുടനീളം ഇന്ത്യക്കായി ഓൾ റൗണ്ടർമാർ തകർപ്പൻ പ്രകടനമാണ് നടത്തിയതെന്ന് ഐ.സി.സി റിവ്യൂവിൽ പോണ്ടിങ് പറഞ്ഞു. ‘രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിച്ചത്. ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ഏറെ കഠിനമായിരിക്കുമെന്ന് ടൂർണമെന്‍റിനു മുമ്പേ തന്നെ ഞാൻ പറഞ്ഞിരുന്നു. കാരണം, യുവത്വവും അനുഭവപരിചയവും സമ്മിശ്രമായതിനാൽ ഇന്ത്യൻ ടീം സന്തുലിതമായിരുന്നു. ഒരിക്കൽകൂടി ഫൈനലിൽ രോഹിത് ശർമ നായകനൊത്ത പ്രകടനം പുറത്തെടുക്കുകയും ടീമിനെ മുന്നിൽനിന്ന് നയിക്കുകയും ചെയ്തു’ -പോണ്ടിങ് പറഞ്ഞു.
മൂന്നു ഓൾ റൗണ്ടർമാരും ടൂർണമെന്‍റിലെ എല്ലാ മത്സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. മികച്ച ബാറ്റർമാരാൽ സമ്പന്നമാണ് ടീം, ബൗളിങ്ങിലും നിരവധി ഓപ്ഷനുകളുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. അക്സറിനെയും പോണ്ടിങ് വാനോളം പുകഴ്ത്തി. ടൂർണമെന്‍റിലെ താരത്തിന്‍റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ബൗളിങ്ങിൽ സ്ഥിരത പുലർത്താനായി. ബാറ്റുകൊണ്ടും താരം മികച്ച സംഭാവന നൽകിയെന്നും പോണ്ടിങ് പറഞ്ഞു.
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 83 പന്തിൽ 76 റൺസുമായി രോഹിത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.