ഷമി അല്ല! ചാമ്പ്യൻസ് ട്രോഫിയിൽ ബുംറക്ക് പകരംവെക്കാവുന്ന താരത്തെ പ്രവചിച്ച് പോണ്ടിങ്
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ വ്യാഴാഴ്ച ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങും. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്‍റിന് വേദിയാകുന്നത് പാകിസ്താനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്.
പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. നേരത്തെ, സ്ക്വാഡിൽ ഉൾപ്പെട്ടെങ്കിലും പുറത്തെ പരിക്കിൽനിന്ന് പൂർണമായി മുക്തനാകാത്തതിനാൽ താരത്തെ അവസാനഘട്ടം ഒഴിവാക്കി. യുവതാരം ഹർഷിത് റാണയാണ് താരത്തിന്‍റെ പകരക്കാരനായി ടീമിലെത്തിയത്. ബുംറയുടെ അഭാവത്തിൽ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളിങ്ങിനെ നയിക്കുന്നത്. എന്നാൽ, ഇടവേളക്കുശേഷം ടീമിൽ മടങ്ങിയെത്തിയ ഷമിക്ക് പഴയ ഫോം കണ്ടെത്താനായിട്ടില്ല.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് മൂർച്ച കുറവാണെന്ന് വിമർശനമുണ്ട്. ഈ ആശങ്കകളെല്ലാം മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് തള്ളിക്കളയുകയാണ്. ചാമ്പ്യൻസ് ട്രോഫിയിൽ ഇടങ്കൈയൻ പേസർ അർഷ്ദീപ് സിങ് എല്ലാ അർഥത്തിലും ബുംറക്ക് പകരംവെക്കാവുന്ന താരം തന്നെയാണെന്ന് പോണ്ടിങ് പറയുന്നു. ന്യൂ ബാളിലും ഡെത്ത് ഓവറുകളിലും ബുംറക്കുള്ള മികവ് അർഷ്ദീപിനും ആവർത്തിക്കാനാകുമെന്ന് ഓസീസ് താരം വ്യക്തമാക്കി.
‘ബുംറക്ക് പകരംവെക്കാവുന്ന താരം അർഷ്ദീപ് സിങ്ങാണ്. ട്വന്‍റി20 ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ ബൗളിങ് മികവ് നമുക്ക് അറിയാമല്ലോ. ഡെത്ത് ഓവറുകളിലും ന്യൂബാളിലും പന്തെറിയുന്നതിൽ ബുംറ കാണിക്കുന്ന മികവ് അദ്ദേഹത്തിനും കാഴ്ചവെക്കാനാകും’ -പോണ്ടിങ് പറഞ്ഞു. ഐ.സി.സി അഭിമുഖത്തിൽ സഞ്ജന ഗണേഷുമായി സംസാരിക്കുകയായിരുന്നു പോണ്ടിങ്. ഹർഷിത് റാണയും മികച്ച ബൗളറാണ്. ന്യൂ ബാളിൽ താരത്തിന് മികച്ച നിലയിൽ പന്തെറിയാനാകും. എന്നാൽ, ഡെത്ത് ഓവറിൽ ഹർഷിതിനേക്കാളും മികച്ചത് അർഷ്ദീപാണെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.
23നാണ് ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റിയത്. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമിയിലെത്തും. ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാല്‍ മത്സരം ദുബൈയിലാകും നടക്കുക.
ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജദേജ, വരുൺ ചക്രവർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

