സചിനല്ല! എക്കാലത്തെയും മികച്ച ഏകദിന ക്രിക്കറ്റ് താരത്തെ തെരഞ്ഞെടുത്ത് പോണ്ടിങ്
text_fieldsമുംബൈ: ഒരു സംശയവും വേണ്ട, ക്രിക്കറ്റിന് ദൈവം ഒരാളേയുള്ളു! ഇന്ത്യയുടെ സ്വന്തം സചിൻ തെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം ഇന്നുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്റർ. സചിനെപ്പോലെ ക്രിക്കറ്റ് ലോകം ചേർത്തുനിർത്തിയ മറ്റൊരു താരവും ഇന്നുവരെ പിറവിയെടുത്തിട്ടില്ല.
പതിനാറാം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ സചിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്, രാജ്യാന്തര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ എന്നിങ്ങനെ ക്രിക്കറ്റിലെ അപൂർ റെക്കോഡുകളെല്ലാം താരത്തിന്‍റെ പേരിലാണ്. 2013 ഒക്ടോബര്‍ 10നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ, മുൻ ആസ്ട്രേലിയൻ നായകൻ പറയുന്നു, സചിനല്ല ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന്. ആധുനിക ക്രിക്കറ്റിലെ ‘കിങ്’ വിരാട് കോഹ്ലിക്കാണ് പോണ്ടിങ് ഈ വിശേഷണം നൽകുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി കോഹ്ലിയായിരുന്നു ഇന്ത്യയുടെ വിജയത്തിന്‍റെ നട്ടെല്ലായത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ 82ാം സെഞ്ച്വറിയും ഏകദിനത്തിൽ 51ാം സെഞ്ച്വറിയും. ഏകദിനത്തിൽ അതിവേഗം 14,000 റൺസ് ക്ലബിലെത്തുന്ന താരമെന്ന നേട്ടവും കോഹ്ലി മത്സരത്തിൽ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോഹ്ലി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാകുകയും ചെയ്തു. ‘സംശയമില്ലാതെ പറയാം, ദീർഘനാളത്തേക്ക് കോഹ്ലി തന്നെയാണ് ചാമ്പ്യൻ പ്ലെയർ, പ്രത്യേകിച്ച് വൈറ്റ് ബാൾ ക്രിക്കറ്റിൽ. 50 ഓവർ ക്രിക്കറ്റിലെ അവിശ്വസനീയ താരം. വിരാട് കോഹ്ലിയേക്കാൾ മികച്ചൊരു ഏകദിന താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ എന്നെയും മറികടന്നിരിക്കുന്നു, ഇനി രണ്ടു പേർ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കളിയിലെ എക്കാലത്തെയും മികച്ച റൺ സ്‌കോറർ എന്ന നിലയിൽ ഓർമിക്കപ്പെടാനുള്ള ആഗ്രഹം അദ്ദേഹത്തിനുണ്ട്’ -പോണ്ടിങ് പറഞ്ഞു.
ഏകദിനത്തിൽ കോഹ്ലി നേടിയത് 14,085 റൺസാണ്. സചിനേക്കാൾ 4,341 റൺസ് പിന്നിൽ. സചിനെ മറികടക്കാനുള്ള കോഹ്ലിയുടെ സാധ്യതകൾ ഒരിക്കലും തള്ളിക്കളയാനാകില്ലെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. പാകിസ്താനെതിരായ മത്സരത്തിൽ 111 പന്തിൽ ഏഴു ഫോറടക്കം കോഹ്ലി 100 റൺസെടുത്ത് പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

