രഹാനെയുടെ കിറ്റിൽ ചവിട്ടി? ജയ്സ്വാൾ ടീം വിടുന്നതിന് പിന്നിലെ കാരണം ഇതാണ്! റിപ്പോർട്ട്
text_fieldsഇന്ത്യൻ ഓപ്പണിങ് ബാറ്റർ യശ്വസി ജയ്‌സ്വാളിൻറെ ആഭ്യന്തര ക്രിക്കറ്റിലെ ടീം മാറ്റം അപ്രതീക്ഷിതമായിരുന്നു. മുംബൈ താരമായിരുന്ന ജയ്സ്വാൾ അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടിയാണ് കളിക്കുക എന്ന് തീരുമാനിച്ചു. ടീം മാറാനുള്ള താരത്തിന്‍റെ ആവശ്യം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിച്ചു. ഗോവയുടെ നായകനായാണ് ജയ്സ്വാൾ എത്തുന്നത്.
ജയ്സ്വാൾ മുംബൈ വിടാൻ കാരണം ടീമിലെ അസ്വാരാസ്യങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈ ക്യാപ്റ്റനായ അജിൻക്യ രഹാനെയുമായി ജയ്സ്വാളിന് നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. 2022 ലെ ഒരു ദൂലീപ് ട്രോഫി മത്സരത്തിനിടയിലാണ് രണ്ട് ഇന്ത്യൻ താരങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചത്. മത്സരത്തിനിടെ ഇന്ത്യൻ എതിർ ടീമിലെ കളിക്കാരനുമായി സ്ലെഡ്ജ് ചെയ്ത ജയ്സ്വാളിനെ രഹാനെ ഗ്രൗണ്ടിൽ നിന്നും പുറത്താക്കിയിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ രഹാനെയുടെ ഈ ഇടപെടെലാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ആ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ഇരട്ടസെഞ്ച്വറിയുമായി ജയ്‌സ്വാൾ തിളങ്ങിയിരുന്നു. 323 പന്തുകൾ നേരിട്ട ജയ്സ്വാൾ 30 ഫോറും നാലു സിക്സറും സഹിതം 265 റൺസ് നേടി. കളത്തിൽ തകർപ്പൻ പ്രകടനവുമായി തിളങ്ങിയെങ്കിലും അവസാന ദിനം സൗത്ത് സോണിന്‍റെ രവി തേജയുമായി ജയ്‌സ്വാൾ തുടർച്ചയായി ഉരസിയതാണ്, താരത്തെ പുറത്താക്കാൻ രഹാനെയെ പ്രേരിപ്പിച്ചത്. രവി തേജയ്ക്കെതിരായ ജയ്‌സ്വാളിന്‍റെ സ്ലെജിങ് പരിധി വിട്ടതോടെ നായകനായ രഹാനെ ഇടപെട്ട് അടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, താരം തുടർന്നും സ്ലെജിങ്ങിന് മുതിർന്നതോടെയാണ് ഗ്രൗണ്ടിൽനിന്ന് പോകാൻ രഹാനെ നിർദ്ദേശിച്ചത്.
പിന്നീടും മുംബൈ ടീമിന്‍റെ ഭാഗമായി തുടർന്നെങ്കിലും, ജയ്സ്വാളിന്റെ ഷോട്ട് സെലക്ഷനുമായി ബന്ധപ്പെട്ട് ഉൾപ്പെടെ ചോദ്യങ്ങളുയർന്നത് താരത്തെ അസ്വസ്ഥനാക്കിയെന്നാണ് വിവരം. ജയ്സ്വാളിന്റെ സമീപനം ശരിയായില്ലെന്ന് മുംബൈ ടീം പരിശീലകനായ ഓംകാർ സാൽവിയും ക്യാപ്റ്റൻ രഹാനെയും നിലപാടെടുത്തു. ഇതോടെ കുപിതനായ ജയ്‌സ്വാൾ, ക്യാപ്റ്റൻ രഹാനെയുടെ കിറ്റ്ബാഗ് തൊഴിച്ചെറിഞ്ഞതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുംബൈ ടീം മാനേജ്മെന്റിനോടും ടീമിലെ മുതിർന്ന അംഗത്തോടുമുള്ള അഭിപ്രായ ഭിന്നതകളാണ് ജയ്‌സ്വാളിനെ ഗോവയിലേക്ക് പോകാൻ പ്രേരിപ്പിച്ചതെന്ന് പി.ടി.ഐയുടെ റിപ്പോർട്ടിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

