ലോകകപ്പിൽ തന്റെ റെക്കോഡ് തിരുത്തിയ കോഹ്ലിക്ക് ക്ലാസ് മറുപടിയുമായി മഹേല ജയവർധനെ
text_fieldsസിഡ്നി: ട്വൻറി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് കുറിച്ച റെക്കോഡ് കഴിഞ്ഞ ദിവസം വരെയും ശ്രീലങ്കൻ താരം മഹേല ജയവർധനെയുടെ പേരിലായിരുന്നു. ബംഗ്ലദേശിനെതിരായ കളിയിൽ മാൻ ഓഫ് ദി മാച്ച് പ്രകടനവുമായി ആ റെക്കോഡ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്റെ പേരിലേക്ക് മാറ്റി. മോശം ഫോമിന്റെ നീണ്ട ഇടവേള പിന്നിട്ട് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിയ താരം പുറത്താകാതെ 64 റൺസാണ് കുറിച്ചത്. ഓസീസ് മണ്ണിൽ ഇതുവരെ നാലു കളികളിലായി മൂന്ന് അർധ സെഞ്ച്വറികൾ പൂർത്തിയാക്കി. പാകിസ്താനെതിരെ പുറത്താകാതെ നേടിയ 82 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ട്വൻറി20 ലോകകപ്പിൽ 31 കളികളിലായി 1016 റൺസായിരുന്നു ജയവർധനെയുടെ പേരിലുള്ള റെക്കോഡ്. 134.74 സ്ട്രൈക് റേറ്റിൽ 39.07 ശരാശരിയിലായിരുന്നു നേട്ടം. ആ റെക്കോഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. 2012 ലോകകപ്പിൽ ആദ്യമായി പാഡുകെട്ടിയ കോഹ്ലി 25 മത്സരങ്ങൾ കളിച്ചാണ് 1017 റൺ കുറിച്ചത്.
ഇതേ കുറിച്ച ചോദ്യത്തിന് ''എല്ലാ റെക്കോഡുകളും തിരുത്തപ്പെടാനുള്ളതാണ്. എന്റെ റെക്കോഡും ഒരുനാൾ ഒരാൾ മറികടക്കും. അത് നിങ്ങളാണ് വിരാട്. മിടുക്കനായ സഹതാരം. അനുമോദനങ്ങൾ''- എന്നായിരുന്നു ജയവർധനെയുടെ പ്രതികരണം. ''നീ എന്നും ഒരു പോരാളിയായിരുന്നു. ഫോം എന്നത് താത്കാലികമാകാം. പക്ഷേ, ക്ലാസ് എന്നുമെന്നും നിലനിൽക്കുന്നതാണ്. ചെയ്തത് ഗംഭീരമായി''- എന്നുകൂടി താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

