‘കോഹ്ലിയെ മാറ്റുന്നത് ആർ.സി.ബി ചർച്ച ചെയ്തു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻസഹതാരം
text_fieldsമുംബൈ: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യ കിരീടം നേടുന്നത്. ആർ.സി.ബിയുടെ തുടക്കംമുതൽ ടീമിനൊപ്പമുള്ള സൂപ്പർതാരം വിരാട് കോഹ്ലിക്കും സ്വപ്നസാക്ഷാത്കാരം.
കഴിഞ്ഞ ഐ.പി.എൽ 18 സീസണുകളും ആർ.സി.ബിക്കുവേണ്ടി മാത്രമാണ് കോഹ്ലി ബാറ്റേന്തിയത്. 2013 മുതൽ 2021 വരെ ടീമിന്‍റെ നായക പദവിയും അലങ്കരിച്ചു. 2019 സീസണ്‍ ആർ.സി.ബിയെ സംബന്ധിച്ചെടുത്തോളം ആരാധകർ ഓർക്കാൻ ഇഷ്ടപ്പെടാത്ത വർഷം കൂടിയാണ്. കോഹ്ലി നയിച്ച സീസണിൽ ടേബിളിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. കളിച്ച 14 മത്സരങ്ങളിൽ ജയിക്കാനായത് അഞ്ചു മത്സരങ്ങളിൽ മാത്രം. ആ സീസണൊടുവിൽ കോഹ്ലിയെ ക്യാപ്റ്റൻസി സ്ഥാനത്തുനിന്ന് നീക്കാൻ ആർ.സി.ബി അധികൃതർ ആലോചന നടത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്നത്തെ സഹതാരവും നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) താരവുമായ ഇംഗ്ലണ്ടിന്‍റെ മുഈൻ അലി വെളിപ്പെടുത്തിയത്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചിൽ. കോഹ്ലിക്കു പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പൃഥ്വി പട്ടേലിനെയാണ് ആർ.സി.ബി പരിഗണിച്ചിരുന്നത്. പിന്നീട് മാനേജ്മെന്‍റ് തീരുമാനത്തിൽനിന്ന് പിന്മാറി. രണ്ടു വർഷത്തിനുശേഷം, 2021ലാണ് കോഹ്ലി സ്വയം നായക സ്ഥാനത്തുനിന്ന് മാറുന്നത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസാണ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയത്.
‘ആർ.സി.ബി പരിശീലകനായി ഗാരി കേഴ്സ്റ്റണിന്‍റെ അവസാന വർഷമായിരുന്നു. കോഹ്ലിയെ മാറ്റി പൃഥ്വി ഷായെ ക്യാപ്റ്റനാക്കുന്നത് ടീം കാര്യമായി പരിഗണിച്ചിരുന്നു. ഷായുടെ ക്രിക്കറ്റ് തന്ത്രങ്ങൾ മികച്ചതായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നോ, എന്തുകൊണ്ട് അത് യാഥാർഥ്യമായില്ലെന്നോ എനിക്കറിയില്ല, പക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഗൗരവമായി പരിഗണിച്ചിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്’ -മുഈൻ അലി പറഞ്ഞു.
2025 സീസണിൽ കോഹ്ലി വീണ്ടും ആർ.സി.ബിയുടെ ക്യാപ്റ്റനാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് രജത് പട്ടീദാറിന് ടീമിനെ നയിക്കാൻ നിയോഗമുണ്ടാകുന്നത്. മാനേജ്മെന്‍റിന് തെറ്റിയില്ല, കിരീട നേട്ടത്തോടെയാണ് സീസൺ ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

