
അപകടം വിതച്ച് നരെയ്ൻ; തകർന്ന് ആർ.സി.ബി, കൊൽക്കത്തക്ക് 139 റൺസ് വിജയലക്ഷ്യം
text_fieldsഅതിനിർണായകമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊൽക്കത്തക്കെതിരെ ആദ്യ ഇന്നിങ്സിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നേടാനായത് വെറും 138 റൺസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കോഹ്ലിക്കും സംഘത്തിനും സുനിൽ നരെയ്ൻ നയിച്ച കെ.കെ.ആർ ബൗളർമാർ സൃഷ്ടിച്ചത് കടുത്ത വെല്ലുവിളിയായിരുന്നു. സ്കോർ: 138-7 (20).
സുനിൽ നരെയ്ൻ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി. കോഹ്ലി, ഡിവില്ലേഴ്സ്, മാക്സ്വെൽ എന്നിവരുടെ വിക്കറ്റുകളും വിൻഡീസ് താരമായിരുന്നു പിഴുതത്.
ബാംഗ്ലൂർ ബാറ്റ്സ്മാൻമാരിൽ ആർക്കും അർധ സെഞ്ച്വറി നേടാനായില്ല. 39 റണ്‍സെടുത്ത നായകൻ വിരാട് കോഹ്ലിയാണ് ടോപ് സ്കോറർ. 33 പന്തുകളിൽ അഞ്ച് ബൗണ്ടറികളടക്കമായിരുന്നു കോഹ്ലിയുടെ 39 റൺസ്. ഇന്നിങ്സിൽ ഒരു സിക്സർ പോലും പിറന്നില്ല എന്നതും ശ്രദ്ധേയമാണ്. കൂറ്റനടിക്കാരായ ദേവ്ദത്ത് പടിക്കല്‍ (21), ഗ്ലെന്‍ മാക്‌സ്വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് (13) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.