ആർ.സി.ബി ആരാധകർക്ക് ആശ്വാസം, വിക്ടറി പരേഡ് നടത്തും; കിരീടവുമായി കോഹ്ലിയും സംഘവും ബംഗളൂരുവിൽ
text_fieldsബംഗളൂരു: ഒടുവിൽ ആർ.സി.ബി ആരാധകർക്ക് ആശ്വാസ വാർത്ത, വിക്ടറി പരേഡിന് പൊലീസ് നിയന്ത്രണങ്ങളോടെ അനുമതി നൽകി. വിധാൻ സൗധയിൽനിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും തുറന്ന ബസിൽ പരേഡ്.
ഐ.പി.എൽ കിരീടവുമായി വിരാട് കോഹ്ലിയും സംഘവും അൽപം മുമ്പ് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ടീം അംഗങ്ങളെ സ്വീകരിച്ചു. പിന്നാലെ താരങ്ങൾ നേരെ ഹോട്ടലിലേക്ക് പോയി. നാലിന് വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ടീമിന് സ്വീകരണം നൽകും.
പിന്നാലെയാണ് വിക്ടറി പരേഡ്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐ.പി.എല്ലിലെ കന്നിക്കിരീടം വമ്പൻ ആഘോഷമാക്കാനായി നിരവധി ആരാധകരാണ് നഗരത്തിൽ തടിച്ചുകൂടിയത്. വിക്ടറി പരേഡിന് പൊലീസ് അനുമതി നിഷേധിച്ചെന്ന വാർത്ത ആരാധകരെ നിരാശരാക്കിയിരുന്നു. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രവേശനം പാസുള്ളവർക്ക് മാത്രമാകും. മൂന്നു മുതൽ രാത്രി എട്ടു വരെ വിധാൻ സൗധക്കും ചിന്നസ്വാമിക്കും ചുറ്റുമുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കാൻ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മൂന്നുവട്ടം കൈയെത്തുംദൂരത്ത് കൈവിട്ട കിരീടമാണ് ഒടുവിൽ വിരാട് കോഹ്‍ലിയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും എത്തിപ്പിടിച്ചത്. കന്നിക്കിരീടം തേടിയിറങ്ങിയ ടീമുകൾ തമ്മിലുള്ള കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്റെ കിരീടധാരണം.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ വെല്ലുവിളി 20 ഓവറിൽ ഏഴു വിക്കറ്റിന് 184 റൺസിൽ അവസാനിച്ചു. ബംഗളൂരു ഇന്നിങ്സിൽ 43 റൺസെടുത്ത കോഹ്‍ലിയായിരുന്നു ടോപ്സ്കോറർ. ക്യാപ്റ്റൻ രജത് പട്ടിദാർ (26), ലിയാം ലിവിങ്സ്റ്റൺ (25), ജിതേഷ് ശർമ (24) എന്നിവരും തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും കെയ്ൽ ജാമിസണും മൂന്നു വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ ശശാങ്ക് സിങ്ങും (പുറത്താവാതെ 61) ജോഷ് ഇംഗ്ലിസും (39) മാത്രമാണ് പിടിച്ചുനിന്നത്. നായകൻ ശ്രേയസ് അയ്യർ ഒരു റൺ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന് കനത്ത തിരിച്ചടിയായി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറുമാണ് ബംഗളൂരു ബൗളിങ്ങിൽ മിന്നിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

