ജദേജ ലോകകപ്പിനില്ല; ശസ്ത്രക്രിയക്ക് വിധേയനാകും
text_fieldsമുംബൈ: കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജദേജ ശസ്ത്രക്രിയക്ക് വിധേയനാകും. വലിയ ഇടവേള ആവശ്യമായി വരുന്നതിനാൽ അടുത്ത ട്വന്റി20 ലോകകപ്പിൽ ടീമിനൊപ്പം താരമുണ്ടാകില്ലെന്ന് ഉറപ്പായി. ഏഷ്യ കപ്പിൽ പാകിസ്താനും ഹോങ്കോങ്ങിനുമെതിരായ കളികളിൽ ഇറങ്ങിയിരുന്നു.
പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു. ഏഷ്യ കപ്പിന് പിന്നാലെ ലോകകപ്പ് ടീമിലും 33കാരനായ ഓൾറൗണ്ടറുടെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാകും.
'ജദേജയുടെ വലത് കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണ്. ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരും. ഈ സാഹചര്യത്തിൽ എത്രകാലം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് ഇപ്പോൾ പറയാനാവില്ല. രാജ്യാന്തര ക്രിക്കറ്റിലേക്ക് പെട്ടെന്നൊരു തിരിച്ചു വരവ് സാധ്യമാകില്ലെന്നാണ് മെഡിക്കൽ സംഘം നൽകുന്ന സൂചന' -ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഉന്നത അധികൃതരിലൊരാൾ വാർത്താ ഏജൻസിയോട് പറഞ്ഞു.

