
ചെന്നൈ ഇനിയിറങ്ങുക ജഡ്ഡുവില്ലാതെ
text_fieldsമുംബൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ ഓൾറൗണ്ടറും മുൻ നായകനുമായ രവീന്ദ്ര ജഡേജക്ക് ഐ.പി.എല്ലിന്റെ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. ബാംഗ്ലൂരിനെതിരായ മത്സരത്തിലേറ്റ പരിക്കിനെ തുടർന്നാണ് താരം വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
ബാംഗ്ലൂരിനെതിരെ ഫീൽഡിങ്ങിനിടെയാണ് ജഡേജക്ക് പരിക്ക് പറ്റിയത്. എന്നിട്ടും താരം കളി തുടർന്നിരുന്നു. ശേഷം ഡൽഹിക്കെതിരായ മത്സരത്തിൽ അദ്ദേഹം ടീമിലുണ്ടായിരുന്നില്ല. താരം ഇതുവരെ പരിക്കിൽ നിന്ന് മുക്തനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ജഡേജയുടെ അഭാവം ചെന്നൈക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. മൂന്ന് മത്സരങ്ങൾ ബാക്കിയുള്ള ടീമിന് ഇപ്പോഴും നേരിയ പ്ലേഓഫ് സാധ്യതകളുണ്ട്. മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.
ഐ.പി.എൽ തുടങ്ങുമ്പോൾ ചെന്നൈയുടെ നായകനായിരുന്നു ജഡേജ. എന്നാൽ, തുടർ തോൽവികൾ വഴങ്ങിയതോടെ ആരാധകരും മറ്റും ജഡേജയുടെ ക്യാപ്റ്റൻസിയെ പഴിച്ച് രംഗത്തെത്തിയിരുന്നു. കൂടെ താരത്തിന്റെ ബാറ്റിങ്-ബൗളിങ് പ്രകടനവും മോശമായതോടെ വിമർശനം ശക്തമായിരുന്നു. 10 മത്സരങ്ങളിൽ 116 റൺസും അഞ്ച് വിക്കറ്റുകളുമാണ് താരം നേടിയത്.