അശ്വിൻ സി.എസ്.കെ വിടുന്നു? തീരുമാനം ഫ്രാഞ്ചൈസിയെ അറിയിച്ചെന്ന് റിപ്പോർട്ട്
text_fieldsആർ. അശ്വിൻ
ചെന്നൈ: 2025ലെ ഐ.പി.എൽ സീസണ് മുമ്പായിനടന്ന മെഗാ ലേലത്തിലാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ) ടീമിലെത്തിച്ചത്. 9.75 കോടി രൂപക്ക് ടീമിലെത്തിച്ച താരത്തിന് പക്ഷേ ടൂർണമെന്‍റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. 38കാരനായ അശ്വിൻ ഒമ്പത് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റുകൾ മാത്രമാണ് വീഴ്ത്തിയത്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ ടീമുമായി വേർപിരിയാൻ അശ്വിൻ തീരുമാനിച്ചെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.
തന്റെ തീരുമാനം അശ്വിൻ ഫ്രാഞ്ചൈസിയെ ഇതിനകം അറിയിച്ചുകഴിഞ്ഞെന്നാണ് വിവരം. കഴിഞ്ഞ ഒരു വർഷമായി സി.എസ്.കെ അക്കാദമിയിലെ ഓപറേഷൻസ് ഡയറക്ടറായി പ്രവർത്തിച്ചുവരുന്ന അശ്വിൻ ഈ പദവിയിൽനിന്നും രാജിവെച്ചേക്കും. എന്നാൽ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അശ്വിനെ മറ്റൊരു ഫ്രാഞ്ചൈസിക്ക് കൈമാറുമോ അതോ സി.എസ്.കെ റിലീസ് ചെയ്താൽ ഈ വർഷം ഒടുവിൽ നടക്കാനിരിക്കുന്ന മിനി ലേലത്തിൽ പങ്കെടുക്കുമോ എന്നകാര്യം കണ്ടറിയണം.
ഇക്കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് ഏതാനും മത്സരങ്ങളിൽ അശ്വിനെ ബെഞ്ചിലിരുത്തിയിരുന്നു. പവർപ്ലേയിൽ പരിചയസമ്പന്നനായ ഓഫ് സ്പിന്നറെ ഉപയോഗപ്പെടുത്തിയെങ്കിലും റണ്ണൊഴുക്ക് തടയാൻ താരത്തിനായില്ല. സീസണൊടുവിൽ അശ്വിൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ആസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഗാബ ടെസ്റ്റിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് അശ്വിൻ വിരമിച്ചിരുന്നു. മൂന്ന് ഫോർമാറ്റുകളിൽനിന്നായി ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ബൗളറായാണ് അശ്വിൻ കരിയർ അവസാനിപ്പിച്ചത്.
സി.എസ്.കെയിലൂടെയാണ് അശ്വിൻ തന്റെ ഐ.പി.എൽ യാത്ര ആരംഭിച്ചത്. ആദ്യ ആറ് സീസണുകൾ എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ടീമിനൊപ്പം കളിച്ചു. പിന്നീട് വ്യത്യസ്ത ടീമുകൾക്കൊപ്പം ഒമ്പത് പതിപ്പുകൾ കളിച്ചതിന് ശേഷം 2025 സീസണിലാണ് സി.എസ്.കെയിലേക്ക് തിരിച്ചെത്തിയത്. 2016നും 2024നും ഇടയിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കായി കളത്തിലിറങ്ങി. അതേസമയം 2025 സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായാണ് സി.എസ്.കെ ഫിനിഷ് ചെയ്തത്. ടൂർണമെന്റ് പാതിപിന്നിട്ട വേളയിൽ ഋതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെ എം.എസ്. ധോണിയെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

