ഇംഗ്ലണ്ടിനെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ രവി ശാസ്ത്രി? ‘ബാസ്ബാൾ’ അവസാനിപ്പിക്കണമെന്ന് മുൻതാരം
text_fieldsരവി ശാസ്ത്രി
ലണ്ടൻ: ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സങ്ങളും തോറ്റതോടെ ഇംഗ്ലിഷ് ടീമിന്‍റെ നിലവിലെ പരിശീലൻ ബ്രണ്ടൻ മക്കല്ലത്തിനും അദ്ദേഹത്തിന്‍റെ ബാസ്ബാൾ ശൈലിക്കും വൻ വിമർശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ പതിവ് ശൈലി വിട്ടുള്ള രീതിക്ക് ആദ്യകാലങ്ങളിലുള്ളയത്ര പിന്തുണ ഇന്നില്ല. മക്കല്ലത്തിനു കീഴിൽ അതിവേഗം സ്കോർ ചെയ്യുന്ന നിലയിലേക്ക് ഇംഗ്ലണ്ട് മുന്നേറിയെങ്കിലും പലപ്പോഴും ഈ സമീപനം വൻ പരാജയമാകുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ട് മുൻതാരം മോണ്ടി പനേസർ ഉൾപ്പെടെയുള്ള പ്രമുഖർ മക്കല്ലത്തെ മാറ്റി രവി ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
2018-19, 2020-21 സീസണുകളിൽ ശാസ്ത്രിക്കു കീഴിൽ ആസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം നടത്തിയ മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തെ പിന്തുണക്കാൻ പ്രധാന കാരണമെന്ന് പനേസർ പറയുന്നു. “ആസ്ട്രേലിയയെ എങ്ങനെ തോൽപ്പിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ഒരാളായിരിക്കണം പരിശീലക സ്ഥാനത്തേക്ക് വരേണ്ടത്. അവരുടെ കുറവുകൾ മനസിലാക്കി മാനസികമായും ശാരീരികമായും തന്ത്രപരമായും തയാറെടുക്കണം. ബാസ്ബാൾ ശൈലി ഉപേക്ഷിച്ച് പരമ്പരഗാത രീതിയിൽ കളിക്കാൻ താരങ്ങൾ തയാറാകണം. പരിശീലകനും സമീപനത്തിൽ മാറ്റം വരുത്തണം. രവി ശാസ്ത്രി ഇംഗ്ലണ്ടിന്‍റെ അടുത്ത പരിശീലകനാകണമെന്നാണ് കരുതുന്നത്” -പനേസർ പറഞ്ഞു.
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും എട്ട് വിക്കറ്റിനാണ് ആസ്ട്രേലിയ ജയിച്ചത്. മൂന്നാം മത്സരത്തിൽ 82 റൺസിനും ആതിഥേർ ജയിച്ചു, ഒപ്പം ആഷസ് കിരീടം നിലനിർത്താനുമായി. ബോക്സിങ് ഡേ ടെസ്റ്റിന് വെള്ളിയാഴ്ച മെൽബണിൽ തുടക്കമാകും. അടുത്ത രണ്ട് മത്സരങ്ങളിലും ഫലം മാറ്റമില്ലാതെ തുടർന്നാൽ ഇംഗ്ലിഷ് ടീം മാനേജ്മെന്‍റിന് വലിയ ക്ഷീണമാകും. നിലവിലെ ബാറ്റിങ് സമീപനത്തിൽ ഫലമില്ലെന്ന് തിരിച്ചറിഞ്ഞ് തന്ത്രം മാറ്റാൻ പരിശീലകൻ മക്കല്ലം തയാറാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മറുഭാഗത്ത് സ്റ്റാർക്കിനൊപ്പം പാറ്റ് കമിൻസ് കൂടി തിരിച്ചെത്തിയതോടെ ഓസീസ് ബൗളിങ്ങിന് മൂർച്ചയേറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

