റാശിദ് ഖാൻ അഫ്ഗാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം ഒഴിഞ്ഞു; പകരം മുഹമ്മദ് നബി
text_fieldsകാബൂൾ: ട്വന്‍റി20 ലോകകപ്പ് ടീം സെലക്ഷനെ സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്ന് റാശിദ് ഖാൻ അഫ്ഗാനിസ്താൻ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞു. ലോകകപ്പ് സ്ക്വാഡിനെ തെരഞ്ഞെടുത്ത വേളയിൽ തന്‍റെ അഭിപ്രായം ആരാഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രാജിവെച്ചത്.
നേരത്തെ റാശിദ് ഖാനെ ടീമിന്‍റെ നായകനായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. വെറ്ററൻ വിക്കറ്റ് കീപ്പർ മുഹമ്മദ് ഷഹ്സാദ് 15 അംഗ ടീമിൽ ഇടം നേടിയിരുന്നു. റാശിദിന് പകരം മുഹമ്മദ് നബിയായിരിക്കും ലോകകപ്പിൽ ടീമിനെ നയിക്കുക. 2013-14 കാലയളവിൽ മുമ്പ് നബി ട്വന്‍റി20 ടീമിന്‍റെ നായകനായിരുന്നു.
'രാജ്യത്തിന്‍റെ നായകനും ഉത്തരവാദിത്തമുള്ള വ്യക്തിയും എന്ന നിലയിൽ ടീം തിരഞ്ഞെടുപ്പിന്‍റെ ഭാഗമാകാനുള്ള അവകാശം എനിക്കുമുണ്ട്. സെലക്ഷൻ കമ്മിറ്റിയും എ.സി.ബിയും എന്‍റെ സമ്മതം വാങ്ങാതെയാണ് ടീമിനെ പ്രഖ്യാപിച്ചത്' -22കാരനായ റാശിദ് സാമൂഹിക മാധ്യമങ്ങളിൽ എഴുതി.
അഫ്ഗാനിൽ താലിബാൻ ഭരണത്തിലെത്തിയതിന് പിന്നാലെ രാജ്യത്തിന്‍റെ ക്രിക്കറ്റ് ഭാവി അനിശ്ചിതത്വത്തിലായിരുന്നു. സ്ത്രീകൾ ക്രിക്കറ്റ് കളിക്കുന്നത് താലിബാൻ വിലക്കിയതിന് പിന്നാലെ അഫ്ഗാനെതിരായ പരമ്പരയിൽ നിന്ന് ആസ്ട്രേലിയ പിൻമാറിയിരുന്നു.
അടുത്ത മാസം 17 മുതൽ നവംബർ 14 വരെ യു.എ.ഇയിൽ വെച്ചാണ് ട്വന്‍റി20 ലോകകപ്പ് നടക്കുന്നത്. സൂപ്പർ 12 ഘട്ടത്തിൽ ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്താൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാന്റെ സ്ഥാനം.