രഞ്ജി ട്രോഫി സെമി: രാഹുലിനും ദേവ്ദത്തിനും സെഞ്ച്വറി, കർണാടക കൂറ്റൻ സ്കോറിലേക്ക്
text_fieldsദേവ്ദത്ത് പടിക്കലും കെ.എൽ. രാഹുലും
ലഖ്നോ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടക കൂറ്റൻ സ്കോറിലേക്ക്. ഓപണർ കെ.എൽ. രാഹുലിന്റെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും സെഞ്ച്വറികളുടെ അകമ്പടിയോടെ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 355 റൺസെന്ന നിലയിലാണ്.
141 റൺസെടുത്ത് രാഹുൽ മടങ്ങി. ദേവ്ദത്തിനൊപ്പം (148 നോട്ടൗട്ട്) മറ്റൊരു മലയാളി കരുൺ നായരാണ് (37 നോട്ടൗട്ട്) ക്രീസിൽ. ഓപണർ മായങ്ക് അഗർവാൾ (5) നേരത്തേ പുറത്തായി.
കശ്മീരിനെതിരെ ബംഗാൾ 249/5
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലിൽ ജമ്മു-കശ്മീരിനെതിരെ ബംഗാൾ പൊരുതുന്നു. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 249 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി സുദീപ് കുമാർ ഗരാമി (136 നോട്ടൗട്ട്) ക്രീസിലുണ്ട്. ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ (49), സഹ ഓപണർ സുദീപ് ചാറ്റർജി (0), സൂരജ് സിന്ധു ജയ്സ്വാൾ (0), അനുസ്തുപ് മജുംദാർ (14), ഷഹ്ബാസ് അഹ്മദ് (42) എന്നിവർ പുറത്തായി. കശ്മീരിനായി ആഖ്വിബ് നബിയും സുനിൽ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇവർ ചരിത്രത്തിലാദ്യമായാണ് സെമിയിലെത്തിയത്.
സി.കെ. നായിഡു ട്രോഫി: ഝാർഖണ്ഡ് ഭേദപ്പെട്ടനിലയിൽ
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിൽ. മൂന്നാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 288 റൺസെന്ന നിലയിലാണ് സന്ദർശകർ. ഝാർഖണ്ഡിന് ഇപ്പോൾ 279 റൺസിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇവർ ഒമ്പത് റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. സ്കോർ: ഝാർഖണ്ഡ് 274, 288/5, കേരളം 283. മൂന്നാം ദിവസം കളി തുടങ്ങിയ ഝാർഖണ്ഡിന് ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കം സമ്മാനിച്ചു. 88 റൺസെടുത്ത ശിഖർ മോഹനെ ഷോൺ റോജർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 9 റൺസെടുത്ത ശരൺദീപിനെ ജെ.എസ്. അനുരാജ് പുറത്താക്കി. ആര്യൻ ഹൂഡ 60 റൺസുമായും കുനൈൻ ഖുറേഷി 40 റൺസുമായും ക്രീസിലുണ്ട്. ഷോൺ റോജർ മൂന്നും ജെ.എസ്. അനുരാജ്, കൈലാസ് ബി. നായർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

